തൃശൂർ: ഗവ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരോക്ഷ വിമർശനവുമായി കെ.എസ്.യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ. അധികാരക്കസേരകളിൽ ഇരിക്കുന്നവർ താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരുടെ ചോരയും നീരും വിയർപ്പും കൊണ്ടാണ് തങ്ങൾ അവിടെയെത്തിയതെന്ന കാര്യം മറക്കരുതെന്ന് ഗോകുൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.(KSU Thrissur District President Gokul Guruvayur criticizes VD Satheesan)
സംഘടനയ്ക്കായി ജീവനും ജീവിതവും ബലിനൽകി പോരാടിയ യൂണിറ്റ് തലം മുതലുള്ള താഴെത്തട്ടിലെ പ്രവർത്തകരെ തഴഞ്ഞ് ഏകപക്ഷീയമായ തീരുമാനങ്ങളുമായി മുന്നോട്ടുപോയാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇ.എം.എസ് മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ചരിത്രം ഇതിന് ഉദാഹരണമാണെന്നും, പ്രസ്ഥാനത്തിനായി ത്യാഗം ചെയ്തവരെ മറന്ന് ശീതീകരിച്ച മുറികളിലെ സുഖലോലുഭതയിൽ മയങ്ങിപ്പോയാൽ ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ’ എന്ന നിലപാട് ഒട്ടും ശരിയല്ലെന്ന് ഓർമ്മിപ്പിച്ചാണ് ഗോകുൽ ഗുരുവായൂർ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്.
കുറിപ്പിൻ്റെ പൂർണ്ണ രൂപം
അധികാരത്തിൻ്റെ നാൽക്കാലിയിൽ കാലുറപ്പിച്ച് ഇരിക്കുന്നവർക്ക്, അതിലേക്കുള്ള പാതയൊരുക്കുന്നതിന് വേണ്ടി ഇത്തരം യൂണിറ്റ് മുതൽ ഉള്ള ഓരോ പ്രവർത്തകരുടെയും ചോരയും ,നീരും, അധ്വാനവും,വിയർപ്പും തന്നേ ആണ് അവസരമൊരുക്കിയത്…
അവർ അനുഭവിച്ച പീഡനങ്ങളും,കഷ്ടതകളും ഒഴുക്കിയ ചോരയും തന്നെയാണ് അധികാര കസേരയിലേക്കുള്ള നിങ്ങളുടെ പാത ഒരുക്കിയത് എന്നും ആരും മറക്കേണ്ട…!
EMS മുതൽ പിണറായി വിജയൻ വരെയുള്ള വരെ അധികാരത്തിൻ്റെ അനന്തഗോപുരത്തിൽ നിന്നും ചരിത്രത്തിൻ്റെ ചവറ്റുകോട്ടയിലേക്ക് തള്ളിയിട്ടും ഇത്തരത്തിൽ കഴിഞ്ഞ കാലങ്ങളിൽ തങ്ങൾക്ക് വേണ്ടി ത്യാഗം സഹിച്ചവരെ മറന്ന് ശീതീകരിച്ച മുറിയിലേ നാല് ചുവരുകൾക്കുള്ളിലേ സുഖലോലുഭതയിൽ മനം മയങ്ങികൊണ്ട് ആണ്…
ഇന്നലെകളിൽ സമാനതകൾ ഇല്ലാതെ പ്രസ്ഥാനത്തിന് വേണ്ടി അടിത്തട്ട് മുതൽ പ്രവർത്തിച്ചവരെ, ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവനും,ജീവിതവും നൽകി ത്യാഗം ചെയ്ത യൂണിറ്റ് മുതൽ ഉള്ള പ്രവർത്തകരെ പരിഗണിക്കാതെ താൻപൊയിമ കാണിക്കാൻ തീരുമാനിച്ചാൽ EMS മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ചരിത്രം ആവർത്തിക്കപ്പെടും എന്നത് ഒരു ഉദാഹരണം ആയി മുന്നിൽ ഉണ്ടെന്നതും മറക്കേണ്ട….!.
പാലം കടക്കുന്നത് വരേ നാരായണ….
പാലം കടന്നാൽ പിന്നെ കൂരായണ….
എന്ന നിലപാട് ശരിയല്ല….
ഗോകുൽ ഗുരുവായൂർ
(KSU തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ്)
Story Summary
KSU Thrissur District President Gokul Guruvayur has raised indirect criticism against VD Satheesan over the Government Pleader appointment. He warned that ignoring grassroot-level workers who sacrificed their lives for the party would lead to a political downfall similar to what historical leaders faced.


