പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിൽ പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി. പ്രതി ചെന്താമര സ്ഥിരം കുറ്റവാളിയാണെന്നും സമൂഹത്തിന് തന്നെ ഭീഷണിയായ ഇയാൾക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.(Nenmara Double Murder Case Verdict Tomorrow Death Penalty Demanded For Chenthamara)
തെറ്റുകളിൽ യാതൊരു പശ്ചാത്താപവുമില്ലാത്ത പ്രതി ഇനിയും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. താൻ ഗാന്ധിജിയല്ല എന്ന പ്രതിയുടെ ജയിലിലെ മനോഭാവം തന്നെ ഇതിന് തെളിവാണ്. അതേസമയം, പ്രതിക്ക് മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നും മുൻകാല സ്വഭാവം പരിഗണിക്കരുതെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
കേസിൽ നേരിട്ടുള്ള ദൃക്‌സാക്ഷികളില്ലെന്നും സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷം തികയുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27-നായിരുന്നു ഈ നാടിനെ വിറപ്പിച്ച ഇരട്ടക്കൊലപാതകം നടന്നത്. കേസിൽ 132 സാക്ഷികളും 30 ശാസ്ത്രീയ തെളിവുകളുമുണ്ട്.
ആറുവർഷം മുൻപ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയതും ഇതേ ചെന്താമരയായിരുന്നു. ആ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച് ജയിലിലായ പ്രതി, പിന്നീട് ജാമ്യത്തിലിറങ്ങിയാണ് ക്രൂരമായ ഈ ഇരട്ടക്കൊലപാതകം നടത്തിയത്. തന്റെ ഭാര്യയും മകളും തന്നെ ഉപേക്ഷിച്ചു പോകാൻ കാരണം നീളൻ മുടിയുള്ളൊരു സ്ത്രീയാണെന്ന് ഒരു ജ്യോത്സ്യൻ പറഞ്ഞതാണ്, അയൽവാസിയായ സജിതയോടും കുടുംബത്തോടും ചെന്താമരയ്ക്ക് തീരാത്ത പകയാകാൻ കാരണം. ഈ കൊടുംപകയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് ഇയാൾ കൊന്നൊടുക്കിയത്. ഇതോടെ രണ്ട് പെൺകുട്ടികളാണ് അനാഥരായത്. നാലുമാസത്തിലേറെ നീണ്ട സാക്ഷിവിസ്താരമാണ് പാലക്കാട് കോടതിയിൽ പൂർത്തിയായത്. ചെന്താമരയെ കൊലപാതക സ്ഥലത്ത് കണ്ടവർ, വടിവാൾ വാങ്ങിയ കടക്കാരൻ എന്നിവരുൾപ്പെടെ 81 സാക്ഷികൾ കോടതിയിൽ മൊഴി നൽകി. പ്രതിയുടെ ഭാര്യയും അയൽവാസി പുഷ്പയും പ്രതിക്കെതിരെ ശക്തമായ മൊഴിയാണ് നൽകിയത്. എന്നാൽ തനിക്കെതിരെ സാക്ഷി പറഞ്ഞ ഭാര്യ ഉൾപ്പെടെയുള്ളവരെ ഇല്ലാതാക്കുമെന്ന് ചെന്താമര മുൻപും ഭീഷണി മുഴക്കിയിരുന്നു.
Story Summary
The Palakkad Additional Sessions Court is set to deliver the sentence tomorrow for Chenthamara, who was convicted in the shocking Pothundi double murder case. The prosecution demanded the death penalty, calling Chenthamara a habitual offender and a threat to society, while the defense pleaded for a chance at rehabilitation.


