കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ നടക്കുന്ന ശക്തമായ പോരാട്ടത്തിന് പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തും. ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ‘തൂഫാൻ വാരിയർ’ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.(Home Minister Ramesh Chennithala To Meet Tamil Nadu CM Vijay For Operation Toofan Support)
അന്തർസംസ്ഥാന ലഹരി കടത്ത് തടയുന്നതിനായി കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ഇതിനകം ചർച്ചകൾ നടത്തിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ച ശേഷമാണ് ലഹരി വ്യാപനത്തിന്റെ യഥാർത്ഥ ഭീകരത ബോധ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. വെറും 42 ദിവസത്തിനുള്ളിൽ ആറായിരത്തോളം പേരെയാണ് പദ്ധതിയിലൂടെ പിടികൂടിയത്. ഈ ചുരുങ്ങിയ കാലയളവിൽ 70 കോടിയിലേറെ രൂപ വിലവരുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു. എറണാകുളത്ത് സ്കൂൾ ബസ് ഡ്രൈവർമാരെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 29 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളെ ലക്ഷ്യമിട്ടെത്തുന്ന രാസലഹരികളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. വഴിയിൽ വെച്ച് അപരിചിതർ തരുന്ന മിഠായികൾ വാങ്ങി കഴിക്കരുത്. രാസലഹരി വിതരണം ചെയ്യുന്ന യഥാർത്ഥ ചാരന്മാർ നമുക്കിടയിലുണ്ട്. അതിഥി തൊഴിലാളികളെല്ലാം മോശക്കാരാണെന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാൽ എളുപ്പത്തിൽ പണമുണ്ടാക്കാൻ നോക്കുന്ന ചില മലയാളികളാണ് അതിഥി തൊഴിലാളികളെ ലഹരി ഇടപാടുകളിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. യുവാക്കളുടെ യഥാർത്ഥ ലഹരി ഫുട്ബോൾ പോലെയുള്ള കായിക വിനോദങ്ങളായിരിക്കണമെന്നും മുൻപ് ബ്രസീൽ ആരാധകനായിരുന്ന താൻ ഇപ്പോൾ അർജന്റീനയുടെ ആരാധകനാണെന്നും ചെന്നിത്തല തമാശരൂപേണ പറഞ്ഞു. യുവതലമുറ തെളിഞ്ഞ ബുദ്ധിയോടെ ചിന്തിക്കുമ്പോഴാണ് അത്ഭുതങ്ങൾ സംഭവിക്കുന്നതെന്നും കേരളത്തെ മുന്നോട്ട് നയിക്കേണ്ടത് അവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Story Summary
Kerala Home Minister Ramesh Chennithala announced an upcoming meeting with Tamil Nadu Chief Minister Vijay to seek support for ‘Operation Toofan: The Narco Hunt’. Highlighting the campaign’s success with the seizure of drugs worth Rs 70 crore in 42 days, the minister urged students to remain vigilant against chemical drugs and emphasized sports as the ideal alternative for youth.


