കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് കോടതിയെ അവഹേളിക്കുന്ന രീതിയിൽ ഉത്തരവിറക്കിയ സംഭവത്തിൽ കെ. ബിജു ഐഎഎസ് ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ചു. കോടതിയുടെ കടുത്ത വിമർശനത്തെത്തുടർന്ന് നേരത്തെ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് അദ്ദേഹം പുതിയ അപേക്ഷ സമർപ്പിച്ചത്.(Cashew Corruption Case IAS Officer K Biju Submits Fresh Apology To Kerala High Court)
കേസിലെ നിയമപരവും വസ്തുതാപരവുമായ എല്ലാ വശങ്ങളും കൃത്യമായി പരിശോധിച്ച ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നും, പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കെ. ബിജു പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കോടതിയുടെ കടുത്ത സമ്മർദ്ദം മൂലമാണ് പ്രതികളെ വിചാരണ ചെയ്യാനുള്ള പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്ന ധ്വനിയുള്ളതായിരുന്നു കെ. ബിജുവിൻ്റെ ആദ്യ ഉത്തരവ്.
ഇതിനെതിരെ നൽകിയ ആദ്യ മാപ്പപേക്ഷ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തള്ളിയിരുന്നു. കേസ് ഫയലുകൾ കൃത്യമായി മനസ്സിരുത്തിയും സ്വതന്ത്രമായും പരിശോധിച്ചാണോ തീരുമാനമെടുത്തതെന്ന് ആദ്യ സത്യവാങ്മൂലത്തിൽ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പുതിയ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. കോടതിക്കെതിരെ പരാമർശം നടത്തിയാൽ എത്ര ഉന്നതരായ ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ ആകില്ലെന്ന് കോടതി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
Story Summary
IAS officer K. Biju has submitted a fresh apology affidavit in the Kerala High Court regarding a controversial prosecution sanction order in the Cashew Development Corporation corruption case. The move follows strong criticism from the High Court, which rejected his previous apology for implying that the sanction was granted under court pressure.


