തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇത് മൂന്നാം തവണയാണ് പ്രശാന്തിനെ അന്വേഷണ സംഘം വിളിപ്പിക്കുന്നത്.(Sabarimala gold theft case, SIT questions PS Prasanth again)
ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെയാണ് സ്വർണ്ണപ്പാളികൾ പോറ്റിക്ക് നൽകിയതെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. ഈ നടപടി വിവാദമായതോടെ പ്രശാന്ത് മുൻപ് ഹൈക്കോടതിയിൽ മാപ്പ് അപേക്ഷിച്ചിരുന്നു. മുൻ ബോർഡ് അംഗം അജികുമാറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. അജികുമാറും പോറ്റിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം അന്വേഷണ പരിധിയിലുണ്ട്.
2025 സെപ്റ്റംബർ 7-ന് പാളികൾ കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ നിലവിലെ തിരുവാഭരണം കമ്മീഷണറുടെ മൊഴി നിർണ്ണായകമാകും. സ്വർണ്ണം പൂശുന്ന കരാർ ഏറ്റെടുത്ത ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തെക്കുറിച്ച് കമ്മീഷണർ ആദ്യം സംശയം ഉന്നയിച്ചിരുന്നു. എന്നാൽ പിന്നീട് ഇവർ യോഗ്യരാണെന്ന് റിപ്പോർട്ട് നൽകി. വരും ദിവസങ്ങളിൽ കൂടുതൽ ഉന്നതർ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്നാണ് സൂചന.

