ബെംഗളൂരു: കുടുംബപ്രശ്നങ്ങളുടെ പേരിലും സ്ത്രീധനം ആവശ്യപ്പെട്ടും ഭാര്യയെയും കുടുംബത്തെയും ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ബെംഗളൂരു പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ (Bengaluru Sub-Inspector Arrest). ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഭൈരപ്പ കെ.എസ് എന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. അഭിഭാഷകയായ ഭാര്യ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
വിവാഹബന്ധത്തിൽ അഞ്ച് വർഷം പിന്നിടുമ്പോഴാണ് ഭർത്താവിന്റെ ക്രൂരതകൾ ആരംഭിച്ചതെന്ന് ഭാര്യ പറയുന്നു. അഴിമതിക്കേസിൽ ലോകായുക്ത സസ്പെൻഡ് ചെയ്തതിന് പിന്നാലെ, തന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഭാര്യയുടെ വീട്ടിൽ നിന്ന് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭൈരപ്പ നിരന്തരം മർദ്ദിക്കുമായിരുന്നു. സ്ത്രീധനമായി ഇതിനുമുൻപും പലതവണ പണവും രണ്ട് കാറുകളും ഇവർ നൽകിയിരുന്നെങ്കിലും ഭീഷണി തുടർന്നു. കൂടാതെ, പിതാവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചതായും യുവതിയുടെ പരാതിയിലുണ്ട്.
തന്റെ പരാതിയിൽ നേരത്തെ കേസ് എടുക്കാൻ പ്രാദേശിക പോലീസ് തയ്യാറായിരുന്നില്ലെന്നും, ഭർത്താവിന്റെ ബാച്ച് മേറ്റുകൾ അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. ഇദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും, തന്നെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും പലതവണ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായും പരാതിയിൽ പറയുന്നു.
ഭൈരപ്പയുടെ പേരിൽ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ വർഷം ജൂണിൽ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴും ഒരു കൈക്കൂലിക്കേസിൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Summary: A Bengaluru police sub-inspector, Bhairappa KS, has been arrested for allegedly subjecting his wife to years of physical and mental abuse, including dowry harassment and attacking her father with a machete. The victim, an advocate, approached the DGP after claiming that local police had shielded her husband, who was already under suspension due to a prior bribery case.


