കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി സെഷൻസ് കോടതി മറ്റന്നാൾ വിധി പറയും. ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് ജാമ്യഹർജിയുമായി കോടതിയെ സമീപിച്ചത്. കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായി.(Nitin Raj’s death, Judgement on teachers’ anticipatory bail plea to be delivered the day after tomorrow )
സംഭവദിവസം ഉച്ചയ്ക്ക് 1.00 മുതൽ 1.10 വരെ നിതിൻ പ്രിൻസിപ്പലിന്റെ ക്യാബിനിൽ ഉണ്ടായിരുന്നുവെന്നും ആ സമയം ഡോ. റാം അവിടെ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകൻ വാദിച്ചു. ലോൺ ആപ്പുമായി ബന്ധപ്പെട്ട വിഷയമാണ് അവിടെ സംസാരിച്ചത്. ഒരു മാസം മുൻപ് അധിക്ഷേപിച്ചു എന്നതൊഴിച്ചാൽ മരണത്തിന് തൊട്ടുമുൻപ് നിതിനോട് ഡോ. റാം സംസാരിച്ചിട്ടില്ല എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
പ്രിൻസിപ്പൽ കാര്യങ്ങൾ രക്ഷിതാക്കളെ കൃത്യമായി ബോധിപ്പിക്കാത്തതാണ് പരാതിക്ക് കാരണമെന്നും പ്രതിഭാഗം ആരോപിച്ചു. ഡോ. റാമുമായി പ്രശ്നങ്ങൾ നിലനിന്നിരുന്ന കാര്യം നിതിൻ പ്രിൻസിപ്പലിനോട് പറഞ്ഞിരുന്നു. നിതിൻ രാജിന്റെ മരണം വലിയ വിവാദങ്ങൾക്ക് വഴിമാറിയിരുന്നു. അധ്യാപകരുടെ പീഡനമാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.

