മഹോബ : ഉത്തർപ്രദേശിലെ മഹോബയിൽ പെട്രോൾ പമ്പിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന്റെ ഇരു കൈകളും കോടാലി കൊണ്ട് വെട്ടിമാറ്റി. കാൺപൂർ-സാഗർ ദേശീയപാതയിലെ ചന്ദേൽ പെട്രോൾ പമ്പിന് മുന്നിൽ ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ക്രൂരമായ സംഭവം. ആക്രമണത്തിന് പിന്നിൽ പ്രാദേശിക രാഷ്ട്രീയക്കാരനാണെന്ന് ഇരയായ യുവാവിന്റെ കുടുംബം ആരോപിച്ചു.(Man’s Hands Chopped Off At UP Petrol Pump After Dispute)
ജൈവേന്ദ്ര സിംഗ് എന്ന വിക്കി (28) ആണ് ആക്രമണത്തിനിരയായത്. രാത്രി പെട്രോൾ അടിക്കുന്നതിനായി പമ്പിലെത്തിയ വിക്കിയുമായി പ്രതികൾ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. മുൻവൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും വെറും തർക്കത്തിന്റെ പേരിൽ പ്രതികൾ കോടാലി ഉപയോഗിച്ച് ക്രൂരമായി വെട്ടുകയായിരുന്നുവെന്നും വിക്കിയുടെ കുടുംബം പറഞ്ഞു.
ക്രമരഹിതമായ വെട്ടേറ്റ വിക്കിയുടെ കൈകൾ പൂർണ്ണമായും വേർപെട്ടു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ അമ്മ വിക്കിയുടെ വേർപെട്ട കൈകൾ തുണി ഉപയോഗിച്ച് ഒന്നിച്ച് കെട്ടിവെക്കുകയും ചോര വരുന്നത് തടയാൻ തലയിൽ തുണി ചുറ്റുകയും ചെയ്തു. റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന യുവാവിനെ വഴിപോക്കരാണ് കണ്ട് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് വിക്കിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ മറ്റൊരു പ്രമുഖ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ നില അതീവ ഗുരുതരമാണെന്നും മൂർച്ചയേറിയ ആയുധം കൊണ്ടുള്ള വെട്ടേറ്റ് തലയ്ക്കും കാലിനും ആഴത്തിലുള്ള പരിക്കുകളുണ്ടെന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചു. സംഭവത്തിൽ ഒരു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story Summary
In a horrific incident in UP’s Mahoba, a 28-year-old man’s hands were severed with an axe at a petrol pump following an argument. The victim, Jaivendra Singh, sustained critical head and leg injuries, while his family alleged the involvement of a local politician.


