HomeSports2027 ലോകകപ്പിന് മുന്നോടിയായി പുതിയ കോമ്പിനേഷനുകൾ പരീക്ഷിക്കും; രോഹിത്- കോലിക്ക് വിശ്രമമെന്ന...

2027 ലോകകപ്പിന് മുന്നോടിയായി പുതിയ കോമ്പിനേഷനുകൾ പരീക്ഷിക്കും; രോഹിത്- കോലിക്ക് വിശ്രമമെന്ന റിപ്പോർട്ടുകൾക്കിടെ സൂചന നൽകി ശുഭ്മൻ ഗിൽ | Shubman Gill 2027 World Cup Plan

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ വിജയവഴിയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ, 2027 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് നിർണായക സൂചന നൽകി നായകൻ ശുഭ്മൻ ഗിൽ. ടീമിന്റെ മികച്ച ബാലൻസ് കണ്ടെത്തുന്നതിനായി വിവിധ കോമ്പിനേഷനുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗിൽ വ്യക്തമാക്കി. (Shubman Gill 2027 World Cup Plan)

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ആദ്യം ബൗൾ ചെയ്ത ഇന്ത്യ, ആതിഥേയരെ 258 റൺസിൽ ഒതുക്കിയിരുന്നു. അക്സർ പട്ടേലിന്റെ ഓൾറൗണ്ട് പ്രകടനത്തിന്റെ കരുത്തിൽ 45.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

മത്സരശേഷം സംസാരിച്ച ഗിൽ, ടീമിന്റെ ബാറ്റിംഗ് ആഴമാണ് ടോസ് നേടിയ ശേഷം ബൗളിംഗ് തിരഞ്ഞെടുക്കാൻ കാരണമായതെന്ന് പറഞ്ഞു. താരതമ്യേന യുവ ബൗളിംഗ് നിരയാണെങ്കിലും പരിചയസമ്പന്നരായ ബാറ്റർമാർ ടീമിലുള്ളതിനാൽ വലിയ ലക്ഷ്യവും പിന്തുടരാൻ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ബാറ്റിംഗിലും ബൗളിംഗിലും ഏറ്റവും മികച്ച സന്തുലിതാവസ്ഥ നൽകുന്ന കോമ്പിനേഷൻ കണ്ടെത്താനാണ് ഞങ്ങൾ വിവിധ പരീക്ഷണങ്ങൾ നടത്തുന്നത്. 2027 ലോകകപ്പിനെ മുൻനിർത്തിയാണ് ഈ തയ്യാറെടുപ്പുകൾ,” എന്ന് ഗിൽ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന 2027 ലോകകപ്പിന് സമാനമായ സാഹചര്യങ്ങളാണ് ഇംഗ്ലണ്ടിലെ ചില പിച്ചുകളിലുള്ളതെന്നും, അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ വിവിധ കോമ്പിനേഷനുകൾ പരീക്ഷിക്കുന്നത് ടീമിന് വലിയ ഗുണം ചെയ്യുമെന്നും ഇന്ത്യൻ നായകൻ അഭിപ്രായപ്പെട്ടു.

അതേസമയം, മത്സരത്തിൽ ഇന്ത്യ വിജയിച്ചെങ്കിലും സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ബാറ്റിങ്ങിൽ തിളങ്ങാനായില്ല. രോഹിത് 11 റൺസിനും കോഹ്ലി അഞ്ച് റൺസിനുമാണ് പുറത്തായത്. 2027 ലോകകപ്പിനെ ലക്ഷ്യമിട്ട് താരങ്ങളെ മാറിമാറി അവസരം നൽകുന്ന റൊട്ടേഷൻ നയം നടപ്പാക്കാൻ ബിസിസിഐ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗില്ലിന്റെ പ്രതികരണം ടീമിൽ കൂടുതൽ പരീക്ഷണങ്ങൾക്കും യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾക്കും വഴിയൊരുക്കുമെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Summary: India captain Shubman Gill has confirmed that the team is experimenting with different combinations ahead of the 2027 ODI World Cup after India’s six-wicket win over England. Gill said the management is focused on finding the ideal balance in both batting and bowling, amid reports of a possible rotation policy for senior players.

Clickable Info Box