തൃശ്ശൂർ: തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജയിലിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മേയർ വി.വി. രാജേഷ്. വിഷയം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് കൃത്യസമയത്ത് തന്നെ നടപ്പിലാക്കിയെന്ന് മേയർ മാധ്യമങ്ങളോട് പറഞ്ഞു.(Mayor V V Rajesh On Jailed BJP Councillor R Sugathan Swearing In Ceremony And Ward Development)
സുഗതന് ഇനി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര്യം കോടതിയുടെ പരിഗണനയിലാണെന്നും ബാക്കി കാര്യങ്ങൾ കൗൺസിലറുടെ അഭിഭാഷക സംഘം നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയിൽ നിന്ന് വരുന്ന ഉത്തരവുകൾ അതേപടി നടപ്പിലാക്കുക എന്നതാണ് കോർപ്പറേഷന്റെ ദൗത്യം. കൗൺസിലറുടെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് നിലവിൽ നിയമോപദേശം തേടിയിട്ടുണ്ട്.
കാപ്പ നിയമം കേരളത്തിൽ മാത്രമുള്ള ഒന്നായതുകൊണ്ടാണ് ഇത്തരം അസാധാരണ സംഭവങ്ങൾ ഇവിടെ ഉണ്ടാകുന്നതെന്ന് മേയർ പറഞ്ഞു. രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിലുള്ള കേസുകൾ എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെയുണ്ട്. സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ശക്തമായ വിയോജിപ്പും പ്രതിഷേധവും ഉണ്ടാകുമെന്ന് അറിയാമെന്നും എന്നാൽ ഇതിൽ ഒരിഞ്ച് പിന്നോട്ടില്ലെന്നും വി.വി. രാജേഷ് വ്യക്തമാക്കി.
കൗൺസിലറുടെ അസാന്നിധ്യമുണ്ടാകുന്ന പ്രത്യേക സാഹചര്യങ്ങളിൽ വാർഡിലെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള ബദൽ സംവിധാനങ്ങൾ കോർപ്പറേഷനുണ്ട്. സുഗതൻ പ്രതിനിധീകരിക്കുന്ന വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് മേയർ നേരിട്ട് നേതൃത്വം നൽകും. അതുകൊണ്ടുതന്നെ വാർഡിലെ ജനങ്ങളുടെ ഒരുകാര്യങ്ങൾക്കും യാതൊരുവിധ തടസ്സവും ഉണ്ടാകില്ലെന്നും മേയർ ഉറപ്പുനൽകി.
Story Summary
Thiruvananthapuram Mayor V.V. Rajesh stated that the High Court’s order regarding jailed BJP Councillor R. Sugathan’s swearing-in was executed promptly. Addressing the media in Thrissur, the Mayor assured that developmental works in Sugathan’s ward will continue smoothly under his direct leadership despite the councillor’s absence.


