വാഷിംഗ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം വീണ്ടും ശക്തമായതോടെ അമേരിക്കയുടെ പ്രധാന ആയുധശേഖരത്തിൽ വൻ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. നിലവിലെ വെടിനിർത്തൽ കരാർ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയ സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ ആക്രമണം ഇതേ വേഗതയിൽ തുടർന്നാൽ യുഎസിന്റെ ആയുധശേഷി ഗുരുതരമായ പ്രതിസന്ധി നേരിടുമെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.(US Military Weapon Stockpiles Face Depletion Amid Ongoing Iran Conflict)
‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ട ഇറാന്റെ മേലുള്ള ആദ്യഘട്ട യുദ്ധത്തിൽ പതിനായിരക്കണക്കിന് ദീർഘദൂര മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങളുമാണ് അമേരിക്കയ്ക്ക് ഉപയോഗിക്കേണ്ടി വന്നത്. ഇതിലൂടെ ടോമഹോക്ക് മിസൈലുകളുടെ 30 ശതമാനവും പാട്രിയറ്റ് വ്യോമപ്രതിരോധ ഇന്റർസെപ്റ്ററുകളുടെ പകുതിയോളം ഭാഗവും യുഎസ് സൈന്യത്തിന് നഷ്ടമായി കഴിഞ്ഞുവെന്നാണ് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ (CSIS) പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. തങ്ങളുടെ പക്കലുള്ള താഡ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പകുതിയും അമേരിക്കയ്ക്ക് ഈ യുദ്ധത്തിൽ പ്രയോഗിക്കേണ്ടി വന്നിട്ടുണ്ട്.
മിസൈലുകളുടെയും മറ്റ് വെടിക്കോപ്പുകളുടെയും ക്ഷാമം ഭാവിയിലെ വെല്ലുവിളികളെ തടയാനുള്ള അമേരിക്കയുടെ കഴിവിനെ ദോഷകരമായി ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ പുതിയ പാട്രിയറ്റ് മിസൈലുകളുടെ നിർമ്മാണ നിരക്ക് പ്രതിമാസം 20 എണ്ണവും ടോമഹോക്കിന്റേത് 15 എണ്ണവും മാത്രമാണ്. 2026-ൽ പുതിയ താഡ് മിസൈലുകളുടെ വിതരണം പൂർണ്ണമായും നിലച്ച മട്ടാണ്. പഴയ ആയുധശേഖരം പൂർവ്വസ്ഥിതിയിലാക്കാൻ കുറഞ്ഞത് 2 മുതൽ 5 വർഷം വരെ സമയമെടുക്കുമെന്ന് പ്രതിരോധ ആസൂത്രകർ വ്യക്തമാക്കുന്നു. ആയുധ ഉത്പാദനം വേഗത്തിലാക്കാൻ ട്രംപ് ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് നടപ്പിലാക്കിയെങ്കിലും, പുതിയ ഫാക്ടറികളും ലൈസൻസുകളും പ്രവർത്തനക്ഷമമാകാൻ വർഷങ്ങളുടെ കാലതാമസം ഉണ്ടാകുന്നത് വെല്ലുവിളികൾ വർദ്ധിപ്പിക്കുന്നു. ഇറാന്റെ യുദ്ധച്ചെലവുകൾക്കായി വൈറ്റ് ഹൗസ് അധിക ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് കോൺഗ്രസിൽ പാസാക്കിയെടുക്കുക എളുപ്പമല്ല. എന്നാൽ യുഎസ് സൈന്യം ഇപ്പോഴും ലോകത്തിലെ ഏറ്റവും ശക്തമായ സന്നാഹമാണെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ പര്യാപ്തമാണെന്നുമാണ് പെന്റഗൺ വക്താക്കൾ ഔദ്യോഗികമായി വ്യക്തമാക്കുന്നത്.
Story Summary
The ongoing military conflict with Iran has severely depleted the United States’ stockpiles of key precision missiles and air defense interceptors. Defense experts warn that the slow rate of ammunition replenishment could take years to rebuild, potentially hindering the US military’s readiness to counter future conflicts.


