HomeKeralaവൈദ്യുതി തടസ്സം ജനങ്ങളെ അറിയിക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണം: നിർദേശവുമായി മന്ത്രി...

വൈദ്യുതി തടസ്സം ജനങ്ങളെ അറിയിക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണം: നിർദേശവുമായി മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

തൃശ്ശൂർ: വൈദ്യുതി തടസ്സപ്പെടുന്ന വിവരങ്ങൾ ജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിനായി ഓരോ കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലും തദ്ദേശ ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദ്ദേശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തൃശ്ശൂർ ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ജനപ്രതിനിധികളുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.(Minister Sunny Joseph Directs KSEB To Set Up WhatsApp Groups For Power Outage)

പരാതികളുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് ജീവനക്കാർ തികച്ചും സൗഹാർദ്ദപരമായി പെരുമാറണം. ജീവനക്കാർ ഫോൺ കോളുകളോട് പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകരുത്. വൈദ്യുതി തടസ്സങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ അതീവ ജാഗ്രത പുലർത്തണം.

ജനപ്രതിനിധികളുടെ സഹായത്തോടെ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കായി നിരന്തരമായ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വൈദ്യുതി ഉത്പാദന, വിതരണ, പ്രസരണ മേഖലകളിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മണ്ഡലാടിസ്ഥാനത്തിലുള്ള സമിതികൾ കൂടുതൽ സജീവമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ അവലോകന യോഗങ്ങൾ വിളിച്ചുചേർക്കാൻ എം.എൽ.എമാർ മുൻകൈ എടുക്കണം. എം.എൽ.എ ചെയർപേഴ്സണും എക്സിക്യൂട്ടീവ് എഞ്ചിനീയർ കൺവീനറുമായ സമിതി മണ്ഡലതലത്തിലെ പ്രവൃത്തികൾ കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി സോളാർ പാനലുകൾ സ്ഥാപിക്കാൻ പൊതുജനങ്ങൾ തയ്യാറാകുന്നുണ്ടെങ്കിലും, ആവശ്യത്തിന് ട്രാൻസ്ഫോർമറുകൾ ഇല്ലാത്തത് മൂലം കെ.എസ്.ഇ.ബിയിൽ നിന്ന് അനുമതി ലഭിക്കുന്നില്ലെന്ന പരാതി യോഗത്തിൽ എം.എൽ.എമാർ ഉന്നയിച്ചു. ഇതിന് മറുപടിയായി ആയിരത്തിലധികം പുതിയ ട്രാൻസ്ഫോർമറുകൾ വാങ്ങിയിട്ടുണ്ടെന്നും ഇവ ആറുമാസത്തിനകം സ്ഥാപിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. ഇതോടെ സോളാർ പാനലുകൾ കണക്ട് ചെയ്യാനുള്ള വിതരണ ശേഷി വർദ്ധിക്കും.

മലക്കപ്പാറയിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ദേശീയപാതാ അതോറിറ്റി, പി.ഡബ്ല്യു.ഡി ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളുമായി ഏകോപനം ആവശ്യമുള്ള കെ.എസ്.ഇ.ബി പ്രവൃത്തികളിലെ തടസ്സങ്ങൾ നീക്കാൻ ജില്ലാ കളക്ടർ പ്രത്യേക യോഗം വിളിച്ചുചേർക്കണമെന്നും നിലവിലുള്ള വിവിധ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

Story Summary

Kerala Electricity Minister Sunny Joseph has directed KSEB officials to activate WhatsApp groups in every section limit, including local representatives, to promptly inform the public about power interruptions. Presiding over a review meeting in Thrissur, the Minister also stated that over 1,000 new transformers will be installed within six months to resolve issues in solar connectivity.

Clickable Info Box