തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബിജെപിയുടെ വോട്ടുകൾ കുത്തനെ കുറഞ്ഞത് യുഡിഎഫിലേക്ക് ഒഴുകിയതാണെന്നും എൽഡിഎഫിനെ പരാജയപ്പെടുത്താൻ ഇരുവിഭാഗവും രഹസ്യ ധാരണയുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.(Ganesh Kumar Alleges UDF BJP Deal In Pathanapuram Assembly Election)
2016-ൽ 11,700 വോട്ടും 2021-ൽ 12,398 വോട്ടും ലഭിച്ച ബിജെപിക്ക് ഇത്തവണ ലഭിച്ചത് വെറും 7,031 വോട്ടുകൾ മാത്രമാണ്. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മണ്ഡലത്തിൽ 23,000-ത്തോളം വോട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് മൂന്നിലൊന്നായി കുറഞ്ഞു.
പത്തനാപുരത്ത് സ്വാധീനമില്ലാത്ത ട്വന്റി ട്വന്റി പാർട്ടിക്ക് ‘ചക്ക’ ചിഹ്നത്തിൽ സീറ്റ് നൽകിയത് തന്നെ ഈ ഡീലിന്റെ ഭാഗമായാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു. ബിജെപി ജയിച്ച വാർഡുകളിൽ പോലും ഇത്തവണ വോട്ടുകൾ രണ്ടക്കം കടന്നില്ലെന്നും എൻഡിഎ പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഈ വോട്ട് മറിക്കലിന്റെ തെളിവാണ്. ഈ മണ്ഡലങ്ങളിൽ എൽഡിഎഫ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. കോൺഗ്രസിന് മുൻ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടുകൾ പോലും ഇവിടങ്ങളിൽ കിട്ടിയില്ലെന്നും സംസ്ഥാനവ്യാപകമായി നടന്ന ഇത്തരം ഡീലുകൾ പരിശോധിക്കപ്പെടണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
Story Summary
Former Minister K.B. Ganesh Kumar has alleged a secret deal between UDF and BJP in the Pathanapuram constituency during the recent assembly elections. He pointed out the drastic drop in BJP’s vote share compared to the local body elections and claimed that votes were diverted to UDF to defeat the LDF candidate.

