ടെഹ്‌റാൻ: ഇറാനിലെ ദക്ഷിണ തീരത്തും ഹോർമുസ് കടലിടുക്കിന് സമീപത്തുമുള്ള സൈനിക ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ച് അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ആക്രമണത്തിന്റെ ഭാഗമായി ഇറാനിയൻ തുറമുഖങ്ങൾക്ക് യുഎസ് വീണ്ടും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട് (US Iran Conflict). ഇതിന് മറുപടിയായി ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആക്രമണം നടത്തിയതായി അവകാശപ്പെട്ടു.
യുഎസ് സെൻട്രൽ കമാൻഡിന്റെ (CENTCOM) നേതൃത്വത്തിൽ ഏഴ് മണിക്കൂർ നീണ്ട ഓപ്പറേഷനിലാണ് യുദ്ധവിമാനങ്ങളും ഡ്രോണുകളും നാവികസേനയും ചേർന്ന് നിരവധി ലക്ഷ്യങ്ങൾ തകർത്തത്. വരാനിരിക്കുന്ന ആക്രമണങ്ങളിൽ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങളെയും പാലങ്ങളെയും ലക്ഷ്യമിട്ടേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ, ഹോർമുസ് കടലിടുക്കിലെ പുതിയ ഷിപ്പിംഗ് ഇടനാഴിയുമായി ബന്ധപ്പെട്ട തർക്കം കാരണം മേഖലയിലെ എണ്ണവിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 86.19 ഡോളറായി ഉയർന്നു.
ഇറാനിലെ ബന്ദർ അബ്ബാസ്, ഖെഷ്ം, ഹെംഗം, സിരിക്, ബുഷെർ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഐആർജിസി തങ്ങളുടെ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് മറുപടിയായി യുഎസ് ഫിഫ്ത് ഫ്ലീറ്റ് ആസ്ഥാനത്തും യുഎസ് സൈനിക ലോജിസ്റ്റിക് കേന്ദ്രങ്ങളിലും കനത്ത നാശനഷ്ടങ്ങൾ വരുത്തിയതായും, യുഎസ് പോർവിമാനങ്ങൾ തകർത്തതായും പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം വീണ്ടും ഉടലെടുത്തിരിക്കുന്നത്. ലോകത്തിലെ ആകെ എണ്ണ ആവശ്യത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് നടക്കുന്ന ഈ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
Summary: The United States has launched a wave of air strikes and renewed a naval blockade against Iran, targeting military installations near the Strait of Hormuz. In retaliation, Iran’s IRGC claims to have struck US military facilities in Bahrain, Kuwait, and Jordan, further straining the recent ceasefire and causing global oil prices to surge amid fears of supply disruptions.


