തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടാനിരിക്കെ, അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്തസാധ്യതകളും നേരിടാൻ എല്ലാ വകുപ്പുകളും അടിയന്തര സജ്ജീകരണങ്ങൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Chief Minister V D Satheesan Directs Urgent Measures For Monsoon Preparedness In Kerala)
ദുരന്ത നിവാരണ അതോറിറ്റിയുടെ ‘ഓറഞ്ച് ബുക്ക്’ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ പ്രവചനങ്ങൾക്കായി കേന്ദ്ര ഏജൻസികളുമായി ഏകോപനം ശക്തമാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ജലനിരപ്പും നീരൊഴുക്കും ശാസ്ത്രീയമായി നിരീക്ഷിക്കാൻ കേന്ദ്ര ജല കമ്മീഷനുമായി നിരന്തരം ബന്ധപ്പെടണം.
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരുടെയും അതിഥി തൊഴിലാളികളുടെയും കൃത്യമായ വിവരങ്ങൾ ശേഖരിക്കണം. ഇവർക്ക് സമയബന്ധിതമായി മുന്നറിയിപ്പ് നൽകാൻ സംവിധാനമൊരുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി ഓടകളും കനാലുകളും വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കണം. മാലിന്യ നിർമാർജനവും കൊതുക് നശീകരണവും ശക്തമാക്കണം. ക്യാമ്പുകളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളിൽ വൈദ്യുതി, ശുചിമുറി, ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കുകയും ആ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയും വേണം.
ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ എൻഎച്ച് അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കണം. അപകടകരമായ റോഡുകളിലെ കുഴികൾ അടയ്ക്കുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യണം. പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കണം. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ, പ്രത്യേകിച്ച് പാമ്പുകടിക്കുള്ള ആന്റിവെനം എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. ജില്ലാതലത്തിൽ കളക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും വാർഡുതലം മുതൽ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽകുമാർ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Story Summary
Chief Minister V.D. Satheesan has directed all government departments to complete monsoon preparedness measures urgently, focusing on disaster risk mitigation, dam safety, and pre-monsoon cleaning. The government has emphasized the importance of ward-level coordination, ensuring healthcare facilities are well-stocked, and establishing effective communication channels to alert residents in vulnerable areas.

