ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ് ഇലോൺ മസ്ക്’ എന്ന പേരിൽ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തെ നേരിൽ കാണാനും ഫോട്ടോ എടുക്കാനുമായി നിരവധി ആളുകളാണ് റെസ്റ്റോറന്റിലേക്ക് എത്തുന്നത്. (Chinese Elon Musk Lookalike Chef)
ഷാൻസി പ്രവിശ്യയിലെ ടോങ്ചുവാനിൽ യിലാൻ റെസ്റ്റോറന്റ് സഹഉടമയായി നടത്തുകയാണ് മാ ജിയാൻപിങ്. ഗാൻസു പ്രവിശ്യ സ്വദേശിയായ അദ്ദേഹം വർഷങ്ങളോളം ഇലക്ട്രീഷ്യനായി ജോലി ചെയ്ത ശേഷമാണ് ഹോട്ടൽ-കാറ്ററിങ് മേഖലയിലേക്ക് എത്തിയത്. ജൂലൈ 26-ന് റെസ്റ്റോറന്റിൽ ഭക്ഷണം വിളമ്പുന്ന മായുടെ വീഡിയോ ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഡോയിനിൽ പങ്കുവെച്ചതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞത്. വീഡിയോ വൻതോതിൽ പ്രചരിക്കുകയും 13 ലക്ഷത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തു. വീഡിയോ കണ്ട പലരും മായുടെ മുഖസാദൃശ്യം ഇലോൺ മസ്കിനോടാണെന്ന് ചൂണ്ടിക്കാട്ടി.
വൈറലാകുന്നതിന് മുൻപുതന്നെ റെസ്റ്റോറന്റിലെത്തിയിരുന്ന ചില ഉപഭോക്താക്കൾ മാ ജിയാൻപിങിന് ഇലോൺ മസ്കിനോട് സാമ്യമുണ്ടെന്ന് പറയാറുണ്ടായിരുന്നു. ചൈനീസ് ഭാഷയിൽ ഇലോൺ മസ്കിന്റെ പേരുമായി സാമ്യമുള്ള ‘മാ’ എന്ന കുടുംബപ്പേരും ഈ താരതമ്യത്തെ കൂടുതൽ കൗതുകകരമാക്കിയെന്നാണ് റിപ്പോർട്ടുകൾ.അപ്രതീക്ഷിതമായി ലഭിച്ച പ്രശസ്തി തന്നെ ‘നാണംകെട്ടതും പരിഭ്രാന്തനുമാക്കിയെന്ന്’ മാ പ്രതികരിച്ചു. മുമ്പ് വലിയ തിരക്കില്ലാതിരുന്ന റെസ്റ്റോറന്റിലെ കച്ചവടം ഇപ്പോൾ ഇരട്ടിയായതായും അദ്ദേഹത്തെ കാണാനും കൈകൊടുക്കാനും ഫോട്ടോ എടുക്കാനുമായി നിരവധി പേർ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“എഐ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോകളിൽ ഇലോൺ മസ്ക് ഇറച്ചി ഗ്രിൽ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നാൽ യഥാർഥ ജീവിതത്തിൽ ‘മസ്കിനെ’ കാണുന്നത് ഇതാദ്യമാണ്. വളരെ ആവേശമുണ്ട്,” റെസ്റ്റോറന്റിലെത്തിയ ഒരു ഉപഭോക്താവ് പ്രതികരിച്ചു. പുതിയ പ്രശസ്തി ലഭിച്ചിട്ടും ഭക്ഷണത്തിന്റെ വില വർധിപ്പിച്ചിട്ടില്ലെന്ന കാര്യവും ഉപഭോക്താക്കൾ ശ്രദ്ധേയമാക്കി. പ്രശസ്തി കച്ചവടത്തിന് ഗുണമായെങ്കിലും അതിനെ സാമ്പത്തിക അവസരമാക്കി മാറ്റാൻ മാ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ലൈവ് സ്ട്രീമിങ് ഉൾപ്പെടെയുള്ള വിവിധ ബിസിനസ് അവസരങ്ങളുമായി ഒരു ഡസനിലധികം പേർ തന്നെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ അതിലൊന്നും താൽപര്യമില്ലെന്നും മാ പറഞ്ഞു. സമൂഹമാധ്യമ താരമാകുന്നതിന് പകരം സ്വന്തം റെസ്റ്റോറന്റിന്റെ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. മിക്ക ദിവസങ്ങളിലും രാവിലെ ഒമ്പത് മണി മുതൽ അർധരാത്രിക്ക് ശേഷവും അദ്ദേഹം റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മായുടെ രൂപസാദൃശ്യം സമൂഹമാധ്യമങ്ങളിൽ നിരവധി എഐ ചിത്രങ്ങൾക്കും തമാശകൾക്കും വഴിവെച്ചു. സ്യൂട്ട് ധരിച്ച നിലയിൽ മായെ ചിത്രീകരിച്ചും എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനും ആപ്പിൾ സിഇഒ ടിം കുക്കിനുമൊപ്പം ബാർബിക്യൂ തയ്യാറാക്കുന്നതായും എഐ ചിത്രങ്ങൾ പ്രചരിച്ചു.‘സ്റ്റാർലിങ്കിനായി മസ്ക് കോടിക്കണക്കിന് ഡോളർ ചെലവഴിച്ചു; എന്നാൽ ബാർബിക്യൂ വിറ്റ് ആ പണം തിരിച്ചുപിടിച്ചു’ എന്നായിരുന്നു ഒരു സമൂഹമാധ്യമ ഉപയോക്താവിന്റെ തമാശ. മസ്കും മായും ചൈനീസ് ഭാഷയിൽ ഒരേ കുടുംബപ്പേര് പങ്കിടുന്നതിനാൽ ഇരുവരും പിരിഞ്ഞുപോയ സഹോദരന്മാരായിരിക്കാമെന്നും ചിലർ പരിഹസിച്ചു. മായുടെ റെസ്റ്റോറന്റിന്റെ പേര് ‘സ്പേസ് എക്സ് ബാർബിക്യൂ’ എന്നാക്കി മാറ്റണമെന്നും ചിലർ നിർദേശിച്ചു.
അതേസമയം, മാ ജിയാൻപിങിന്റെ വൈറൽ രൂപസാദൃശ്യത്തോട് ഇലോൺ മസ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ‘ചൈനീസ് ഇലോൺ മസ്ക്’ എന്നറിയപ്പെട്ട മറ്റൊരു രൂപസാദൃശ്യക്കാരനായ മാ യിലോങ്ങിനെക്കുറിച്ച് മസ്ക് പ്രതികരിച്ചിരുന്നു. 2022-ൽ ഇരുവരുടെയും ചിത്രങ്ങൾ താരതമ്യം ചെയ്തുള്ള പോസ്റ്റ് എക്സിൽ വൈറലായപ്പോൾ, “അദ്ദേഹം യഥാർഥ വ്യക്തിയാണെങ്കിൽ കാണാൻ ആഗ്രഹമുണ്ട്. ഇപ്പോഴത്തെ ഡീപ്ഫേക്ക് കാലത്ത് ഉറപ്പിച്ച് പറയാൻ ബുദ്ധിമുട്ടാണ്,” എന്നായിരുന്നു മസ്കിന്റെ പ്രതികരണം.
Summary: A 48-year-old barbecue chef in China, Ma Jianping, has become an internet sensation because of his striking resemblance to Elon Musk. While customers are flocking to his restaurant to take photos with him, Ma says he prefers focusing on his restaurant rather than pursuing live-streaming or other fame-driven business opportunities.


