തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും ഇന്ന് മഴ കൂടുതൽ ശക്തമാകുക. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Kerala Weather Update Yellow Alert Till May 18 Monsoon Reaches Andaman Islands)
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇതിനിടെ രാജ്യത്ത് ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. കാലവർഷത്തിന്റെ ആദ്യ സ്റ്റോപ്പായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലുമാണ് മൺസൂൺ ആദ്യമായി എത്തിയിരിക്കുന്നത്. നിലവിലെ അനുകൂല സാഹചര്യങ്ങൾ തുടർന്നാൽ ഈ മാസം 26-ഓടെ കാലവർഷം കേരള തീരത്ത് എത്തിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രാഥമിക നിഗമനം. വരും ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണം.
Story Summary
The IMD has issued a yellow alert for several districts in Kerala until May 18, predicting isolated heavy summer rains accompanied by strong winds and lightning. Meanwhile, the southwest monsoon has hit the Andaman and Nicobar Islands and is expected to arrive at the Kerala coast around May 26.

