ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ മേധാവിത്വം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം ശക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണങ്ങളിൽ പ്രധാന പാലങ്ങളാണ് യുഎസ് തകർത്തത്. ഇതിന് മറുപടിയായി മിഡിൽ ഈസ്റ്റിലെ യുഎസ് സഖ്യരാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. മേഖലയിലെ സംഘർഷം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.(US Iran war, US Intensifies Airstrikes In Iran As Regional Conflict Escalates)
ഖത്തറിനെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ വർഷം നടത്തിയതോടെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകി. ആകാശത്ത് മിസൈലുകൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള വൻ സ്ഫോടന ശബ്ദങ്ങൾ ഖത്തറിൽ കേൾക്കാമായിരുന്നു. ഇറാൻ-യുഎസ് യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാനൊപ്പം ചേർന്ന് മധ്യസ്ഥശ്രമങ്ങൾ നടത്തിവന്നിരുന്ന പ്രധാന രാജ്യമാണ് ഖത്തർ. എന്നാൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഉപരോധവുമായി ബന്ധപ്പെട്ട് ചർച്ചകൾ പൂർണ്ണമായും തടസ്സപ്പെടുകയായിരുന്നു. ഇതിന് തൊട്ടുമുമ്പ് ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾക്ക് നേരെയും ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടിരുന്നു.
കഴിഞ്ഞ മാസം ഇരുവിഭാഗവും അംഗീകരിച്ച താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും ലംഘിക്കപ്പെട്ടു. ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടഞ്ഞത്. ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ ഇത് കാരണമായിരുന്നു. യുഎസ് ആക്രമണങ്ങളിൽ ഇതുവരെ 35-ലധികം ആളുകൾ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ചത്തെ ആക്രമണത്തിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാന്റെ പരമാധികാരത്തിൽ അമേരിക്ക ഇടപെടുന്നത് അംഗീകരിക്കില്ലെന്നും മേഖലയിലെ വിദേശ ഇടപെടലുകൾ തടയുമെന്നും ഇറാന്റെ സൈനിക വക്താവ് കേണൽ ഇബ്രാഹിം സോൽഫഗാരി വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തങ്ങളുടെ ചുവപ്പ് രേഖയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തെക്കൻ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ ഖമീറിലുള്ള പാലങ്ങൾക്ക് നേരെയാണ് വെള്ളിയാഴ്ച യുഎസ് ആക്രമണം ഉണ്ടായത്. ഇതിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളുള്ള ടെഹ്‌റാനിലും സെംനാൻ പ്രവിശ്യയിലും വ്യാഴാഴ്ചയും യുഎസ് യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തിയിരുന്നു.
Story Summary
The United States has intensified its airstrikes against Iranian infrastructure, targeting bridges to force Iran into lifting its blockade on the Strait of Hormuz. In retaliation, Iran launched missile attacks on U.S.-allied Middle Eastern nations including Qatar, Bahrain, and Kuwait, leading to the collapse of the recent ceasefire agreement.


