HomeKeralaജാമ്യത്തിൽ ഇറങ്ങിയിട്ടും വീണ്ടും അപകീർത്തികരമായ വീഡിയോ; യൂട്യൂബർ രാജൻ ജോസഫിനെതിരെ പുതിയ...

ജാമ്യത്തിൽ ഇറങ്ങിയിട്ടും വീണ്ടും അപകീർത്തികരമായ വീഡിയോ; യൂട്യൂബർ രാജൻ ജോസഫിനെതിരെ പുതിയ കേസ് | Rajan Joseph New Case

പത്തനംതിട്ട: ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചെന്ന പരാതിയിലാണ് അടൂർ പൊലീസ് പുതിയ കേസ് എടുത്തത്. (Rajan Joseph New Case)

ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജൻ ജോസഫിനെ ഒന്നാം പ്രതിയായും സിബി തോമസിനെ രണ്ടാം പ്രതിയായുമാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട രാജൻ ജോസഫിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യത്തിന് പിന്നാലെയും സമൂഹമാധ്യമങ്ങളിലൂടെ തന്നെ ലക്ഷ്യമിട്ട് അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം.

ഇതിന് മുമ്പ്, സമൂഹമാധ്യമങ്ങളിലൂടെ മാനഹാനി വരുത്തിയെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയെ തുടർന്നാണ് മലപ്പുറം സ്വദേശിയായ രാജൻ ജോസഫിനെ അടൂർ പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഈ മാസം 11-നാണ് പൊലീസ് പിടികൂടിയത്. സംസ്ഥാനത്തെ മറ്റ് ചില പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം, യൂട്യൂബർ രാജൻ ജോസഫിനെതിരെ ചൂരൽമല ദുരന്തബാധിതനായ നൗഫലും പരാതിയുമായി രംഗത്തെത്തി. വയനാട് ടൗൺഷിപ്പിലെ വീടുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്നെതിരെ വ്യാജ ആരോപണങ്ങളും അപകീർത്തികരമായ പ്രചാരണങ്ങളും നടത്തിയെന്നാണ് നൗഫലിന്റെ പരാതി. ഇതുസംബന്ധിച്ച് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

തുടർച്ചയായ യൂട്യൂബ് വീഡിയോകളിലൂടെ തന്റെ വ്യക്തിജീവിതവും തൊഴിൽജീവിതവും ഗുരുതരമായി ബാധിച്ചെന്നും, മാനസികമായി വലിയ സമ്മർദ്ദമാണ് നേരിടുന്നതെന്നും നൗഫൽ മാധ്യമങ്ങളോട് പറഞ്ഞു. യൂട്യൂബ് ചാനലുകളിലൂടെ നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കാരണം ജോലി ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. രാജൻ ജോസഫിനെതിരായ പുതിയ പരാതികളിലും നിലവിലുള്ള കേസുകളിലും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Summary: YouTuber Rajan Joseph has been booked again after Pathanamthitta district panchayat member Sreenadevi Kunjamma alleged that he published another defamatory video even after securing bail in an earlier case. Separately, Chooralmala landslide survivor Noufal has also filed a complaint accusing the YouTuber of spreading false allegations and damaging his reputation.

Clickable Info Box