മുംബൈ: 2008-ലെ 26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്ഥാപിച്ച ബാരിക്കേഡുകളും ബൊള്ളാർഡുകളും പൊതുസ്ഥലം കൈയേറിയെന്നാരോപിച്ച് മുംബൈയിലെ ഐതിഹാസികമായ താജ് മഹൽ പാലസ് ഹോട്ടലിന് ₹22.03 കോടിയുടെ ഡിമാൻഡ് നോട്ടീസ് നൽകി ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) (Taj Mahal Palace Hotel BMC Notice). കൊളാബയിലെ ഹോട്ടലിന് ചുറ്റുമായി 2009 ജൂണിൽ സ്ഥാപിച്ച സുരക്ഷാ സംവിധാനങ്ങളെയാണ് ബി.എം.സി നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഔദ്യോഗിക രേഖകൾ പ്രകാരം, ഈ സുരക്ഷാ സംവിധാനങ്ങൾ ഏകദേശം 800 ചതുരശ്ര മീറ്റർ പൊതുറോഡും 1,100 ചതുരശ്ര മീറ്ററിലധികം നടപ്പാതയും കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ദേശീയ സുരക്ഷയുടെ പ്രാധാന്യം പരിഗണിച്ച് 2020 ഡിസംബറിൽ അന്നത്തെ സ്റ്റാൻഡിങ് കമ്മിറ്റി റോഡ് ഉപയോഗ ഫീസിൽ 50 ശതമാനം ഇളവും നടപ്പാത ഉപയോഗ ഫീസിൽ പൂർണ ഇളവും അനുവദിച്ചിരുന്നു. എന്നാൽ 2025 മെയ് മാസത്തിൽ ബി.എം.സി അഡ്മിനിസ്ട്രേറ്റർ ഈ ഇളവുകൾ പിൻവലിച്ചതോടെയാണ് പുതിയ ഡിമാൻഡ് നോട്ടീസ് പുറത്തിറങ്ങിയത്.
മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചും (BSE) സമാനമായ സുരക്ഷാ ക്രമീകരണങ്ങൾക്ക് ഈടാക്കിയ തുക പൂർണമായും അടച്ച സാഹചര്യത്തിലാണ് എല്ലാ സ്ഥാപനങ്ങൾക്കും ഒരേ നയം നടപ്പാക്കാൻ ബി.എം.സി തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കുടിശ്ശിക തുക ഉടൻ അടച്ചില്ലെങ്കിൽ പ്രതിമാസം 15 ശതമാനം പലിശ ഈടാക്കുമെന്ന് ബി.എം.സി നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് താജ് ഹോട്ടൽ മാനേജ്മെന്റും ബി.എം.സി ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഭീകരാക്രമണത്തിന് ശേഷമുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്കായാണ് ഒരുക്കിയതെന്നും, അത് വാണിജ്യ ആവശ്യത്തിനായുള്ള കൈയേറ്റമായി കണക്കാക്കാൻ കഴിയില്ലെന്നും ഫീസ് ഒഴിവാക്കണമെന്നും ഹോട്ടൽ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 2008 നവംബർ 26-ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു താജ് മഹൽ പാലസ് ഹോട്ടൽ. തുടർന്ന് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സ്ഥിരം ബാരിക്കേഡുകളും മറ്റ് പ്രതിരോധ സംവിധാനങ്ങളും ഇവിടെ സ്ഥാപിച്ചിരുന്നു.
Summary: Mumbai’s Taj Mahal Palace Hotel has been served a ₹22.03 crore notice by the BMC over security barricades installed after the 26/11 terror attacks. While the civic body considers the structures an occupation of public roads and footpaths, the hotel argues they are essential public safety measures and should remain exempt from charges.


