തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ ‘രക്ഷാപ്രവർത്തന’ കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിന് (Alappuzha navakerala sadas police attack case) മേൽ കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സംഘം (SIT). അജിത് കുമാറിന്റെ പങ്ക് അക്കമിട്ട് നിരത്തി, അദ്ദേഹത്തിന്റെ പേര് കൃത്യമായി എടുത്തു പരാമർശിച്ചുകൊണ്ടുള്ള അതീവ നിർണ്ണായകമായ തുടരന്വേഷണ റിപ്പോർട്ട് എസ്.ഐ.ടി ഡിജിപിക്ക് സമർപ്പിച്ചു. കുറ്റകൃത്യത്തിൽ അജിത് കുമാറിനുള്ള പങ്കാളിത്തം തെളിയിക്കുന്ന കൂടുതൽ ശാസ്ത്രീയവും സാഹചര്യപരവുമായ തെളിവുകളും റിപ്പോർട്ടിനൊപ്പം കൈമാറിയിട്ടുണ്ട്.
നേരത്തെ കഴിഞ്ഞ ജൂൺ 23-നാണ് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അട്ടിമറി സംബന്ധിച്ച ആദ്യ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരം ഡിജിപി കഴിഞ്ഞ ദിവസം ഈ റിപ്പോർട്ട് എസ്.ഐ.ടിക്ക് മടക്കി അയക്കുകയായിരുന്നു. ആദ്യ റിപ്പോർട്ടിലെ ചില കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് ഡിജിപി അഞ്ച് പ്രധാന സംശയങ്ങൾ ഉന്നയിക്കുകയും, ഇതിൽ വ്യക്തത വരുത്താൻ അടിയന്തര തുടരന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. ഡിജിപി ഉന്നയിച്ച സംശയങ്ങളിൽ അതീവ വേഗത്തിൽ പഴുതടച്ച അന്വേഷണം പൂർത്തിയാക്കിയാണ് എസ്.ഐ.ടി ഇപ്പോൾ വിശദമായ മറുപടി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
മർദ്ദനക്കേസിലെ ആദ്യ അന്വേഷണ സംഘം തയ്യാറാക്കിയ ഒറിജിനൽ റിപ്പോർട്ടും കേസ് ഡയറിയും ഉന്നത സ്വാധീനം ഉപയോഗിച്ച് തിരുത്തിയെന്നും, പ്രതികളായ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ തെളിവുകൾ നശിപ്പിച്ചെന്നുമാണ് എസ്.ഐ.ടിയുടെ പ്രധാന കണ്ടെത്തൽ. എഡിജിപി അജിത് കുമാർ നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തിയതെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമശ്രദ്ധ തിരിഞ്ഞിരിക്കുന്ന സമയം നോക്കി, ഓഗസ്റ്റ് 12 മുതൽ 15 വരെയുള്ള തീയതികളിൽ പോലീസുകാരെ പോലീസ് ക്ലബ്ബിൽ താമസിപ്പിച്ചാണ് എഡിജിപിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ വഴി ഫയലുകൾ തിരുത്തിച്ചതെന്ന ഞെട്ടിക്കുന്ന വിവരങ്ങളും മൊഴിയിലുണ്ട്.
എസ്.ഐ.ടിയുടെ തുടരന്വേഷണ റിപ്പോർട്ട് കൂടി ലഭിച്ച സാഹചര്യത്തിൽ, ഡിജിപി ഇത് വൈകാതെ തന്നെ അന്തിമ ശുപാർശയോടെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ഈ മാസം 31-ന് ഡിജിപി റാങ്കിലേക്ക് അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ഈ പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. റിപ്പോർട്ട് പൂർണ്ണമായി പരിശോധിച്ച് ഡിജിപിയുടെ അന്തിമ ശുപാർശ ലഭിക്കുന്നതോടെ എം.ആർ അജിത് കുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് സർക്കാർ കടക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സൂചന.
Story Summary: The Special Investigation Team (SIT) submitted a detailed further investigation report to the DGP, explicitly naming ADGP M.R. Ajith Kumar for his direct role in attempting to sabotage the Alappuzha Navakerala Sadas assault case. The report, backed by fresh evidence, was submitted after the DGP returned the initial June 23 report seeking clarifications on five specific queries. The SIT incorporated statements from former probe officers alleging that they were forced to alter case diaries at the ADGP’s office.


