HomeKeralaസംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മഴക്കുറവും ഉയർന്ന ഉപഭോഗവും പ്രതിസന്ധി...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മഴക്കുറവും ഉയർന്ന ഉപഭോഗവും പ്രതിസന്ധി രൂക്ഷമാക്കുന്നു | Kerala Power Cut Today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു ( Kerala Power Cut Today). മഴക്കുറവും വൈദ്യുതി ഉപഭോഗത്തിലെ കുത്തനെ വർധനയും രാജ്യവ്യാപകമായി വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിക്കാൻ ഇടയാക്കിയതായി കെഎസ്ഇബി വ്യക്തമാക്കി. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ ഉയരാനാണ് സാധ്യത.

ഇതിനൊപ്പം രാജ്യത്തുടനീളമുള്ള വൈദ്യുതി ആവശ്യകത വർധിച്ചതോടെ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കുന്നതിലും കുറവുണ്ടായിട്ടുണ്ട്. ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിൽ വൈകുന്നേരത്തെ ഉയർന്ന ഉപഭോഗ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.

അതേസമയം, നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തരാവസ്ഥയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചപ്പോൾ ആഭ്യന്തര ഉൽപാദനം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കിയതായി മന്ത്രി വിശദീകരിച്ചു.
വൈദ്യുതി വിപണിയിലെ വിലക്കയറ്റം, വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടമെടുത്ത 530 മെഗാവാട്ട് വൈദ്യുതി തിരിച്ചുനൽകേണ്ട സാഹചര്യം എന്നിവയും നിലവിലെ പ്രതിസന്ധിക്ക് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നം പരിഹരിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനവും ശക്തമാകുകയാണ്.

Summary: Kerala may witness partial power restrictions again today during evening peak hours due to rising electricity demand, low rainfall, and reduced power availability through the national power exchange. The state government says increasing consumption, lower domestic generation, and repayment of borrowed power have worsened the situation, while the opposition has intensified its criticism.

Clickable Info Box