തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് പ്രവചനം.(Kerala is scorching hot, Temperature Alert issued in 12 districts)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്ന ഉയർന്ന താപനില പാലക്കാട്: 40°C വരെ, കൊല്ലം: 39°C വരെ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്: 37°C വരെ, തിരുവനന്തപുരം, മലപ്പുറം: 36°C വരെ എന്നിങ്ങനെയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ് (39.2°C). വരും മണിക്കൂറുകളിൽ ചൂട് ഇനിയും വർദ്ധിക്കാനാണ് സാധ്യത.
സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് വഴിയുള്ള സൂര്യാഘാതം, സൂര്യതപം എന്നിവയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. അയഞ്ഞ, കനം കുറഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ശീലമാക്കുക.

