റിപ്പോർട്ട് : അൻവർ ഷരീഫ്
പാണ്ടിക്കാട്: ഇന്ത്യ റിസർവ് ബറ്റാലിയനിൽ (IRB) പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡിന് ശേഷം പാണ്ടിക്കാട് ഐ.ആർ.ബി ഗ്രൗണ്ട് അപൂർവ്വവും വികാരനിർഭരവുമായ നിമിഷങ്ങൾക്ക് സാക്ഷിയായി (India Reserve Battalion passing out parade Pandikkad). ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശി വേണുഗോപാലൻ മകൻ വിഷ്ണുവിന്റെ പരേഡ് വീക്ഷിക്കാൻ വീൽചെയറിലാണ് ഗ്രൗണ്ടിലെത്തിയത്.
15 വർഷം മുൻപ് ജോലി ചെയ്യുന്നതിനിടെ ടെറസിൽ നിന്ന് വീണ് സ്പൈനൽ കോഡിന് ക്ഷതം സംഭവിച്ച് അരയ്ക്ക് താഴെ തളർന്നു കിടക്കുകയാണ് വേണുഗോപാലൻ. ശാരീരിക പരിമിതികൾക്കിടയിലും, മകൻ പരിശീലനം പൂർത്തിയാക്കി നാടിനായി സേവനത്തിനിറങ്ങുന്ന അഭിമാന മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കുടുംബസമേതമാണ് അദ്ദേഹം പാണ്ടിക്കാട് എത്തിയത്.
ബിരുദ പഠനത്തിന് ശേഷം അച്ഛന് തണലാകണമെന്ന ഉറച്ച ആഗ്രഹത്തോടെയാണ് വിഷ്ണു പി.എസ്.സി പരീക്ഷയെഴുതി കേരള പോലീസിന്റെ ഐ.ആർ.ബി വിഭാഗത്തിൽ പ്രവേശിക്കുന്നത്. പരേഡ് പൂർത്തിയായ ഉടൻ വിഷ്ണു ഓടിയെത്തി തന്റെ പോലീസ് തൊപ്പി സ്‌നേഹപൂർവ്വം അച്ഛന്റെ ശിരസ്സിലണിയിച്ച് ചേർത്തണച്ച് ഉമ്മ നൽകി.
ഈ നെഞ്ചുതൊടും കാഴ്ച വിഷ്ണുവിന്റെ അമ്മ പ്രീതയ്ക്കും സഹോദരി ദേവികയ്ക്കും ഒപ്പം കണ്ടുനിന്ന ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു. വെറുമൊരു സർക്കാർ ജോലിക്കപ്പുറം ജനങ്ങളെ സേവിക്കാനുള്ള വലിയൊരു ആഗ്രഹപൂർത്തീകരണം കൂടിയാണ് വിഷ്ണുവിന് ഈ നേട്ടം.
Story Summary: An emotional moment unfolded at the India Reserve Battalion (IRB) passing out parade in Pandikkad as Vishnu, a newly commissioned officer, placed his police cap on his father Venugopalan, who arrived in a wheelchair. Paralyzed for 15 years due to a spine injury, Venugopalan witnessed his son join the service alongside his family.


