തിരുവനന്തപുരം: ലഹരിവസ്തുക്കൾക്കെതിരെയുള്ള ആഭ്യന്തര വകുപ്പിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ ഭാഗമായി കേരളത്തിലെ പ്രധാന സെൻട്രൽ ജയിലുകളിൽ അതിതീവ്ര മിന്നൽ പരിശോധന. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്.(Operation Toofan Kerala Police Poojappura Jail Raid)
ജയിലുകളിൽ എത്തുന്ന ചില തടവുകാർ അകത്തു വെച്ചും ലഹരിവ്യാപാരം തുടരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പൂജപ്പുര സെൻട്രൽ ജയിലിൽ പരിശോധനയിൽ കഞ്ചാവ് പൊതികൾ, കത്തികൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ കണ്ടെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിൽ ആറാം ബ്ലോക്കിൽ നിന്ന് കഞ്ചാവ്, ഹാഷിഷ് ഓയിൽ, മൊബൈൽ ചാർജർ എന്നിവയും ഒന്നാം ബ്ലോക്കിൽ നിന്ന് ബീഡികളും പിടിച്ചെടുത്തു. സംഭവത്തിൽ ജയിൽ സൂപ്രണ്ട് സിറ്റി ടൗൺ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാനവ്യാപകമായി നടക്കുന്ന വേട്ടയിൽ ഇന്നലെ മാത്രം 58 കേസുകളിലായി 62 പേർ കൂടി അറസ്റ്റിലായി. ഇതോടെ പദ്ധതി ആരംഭിച്ച ശേഷം എടുത്ത ആകെ കേസുകളുടെ എണ്ണം 8,215 ആയി ഉയർന്നു. ഇതുവരെ 8,835 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 754 കിലോഗ്രാം കഞ്ചാവ്, 6,675 ഗ്രാം എം.ഡി.എം.എ (MDMA), 295.057 ഗ്രാം ഹെറോയിൻ എന്നിവയാണ് ആകെ പിടിച്ചെടുത്തത്. ലഹരിക്കെതിരെ ഇന്നലെ മാത്രം 65 ബോധവൽക്കരണ ക്ലാസുകൾ പൊലീസ് സംഘടിപ്പിച്ചു. ഇതുവരെ 8,203 ബോധവൽക്കരണ ക്ലാസുകളും 472 കൗൺസിലിംഗുകളും സ്കൂൾ/കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,050 പരിപാടികളും പൂർത്തിയാക്കി.
Story Summary
Under ‘Operation Toofan’, Kerala Police conducted surprise raids across major state prisons, seizing cannabis and hashish oil from Poojappura and Kannur Central Jails. The statewide anti-drug drive has led to over 8,835 arrests so far, alongside massive seizures of MDMA, ganja, and heroin.


