പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള 103 (1), 126 (2) എന്നീ വകുപ്പുകൾ പ്രതിക്കെതിരെ സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. വിധി പ്രസ്താവനയ്ക്ക് മുന്നോടിയായി എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ‘ഒന്നും പറയാനില്ല’ എന്നായിരുന്നു ചെന്താമരയുടെ മറുപടി.(Nenmara Double Murder Case Court Finds Accused Chenthamara Guilty)
നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവർ ക്രൂരമായി കൊലചെയ്യപ്പെട്ട് ഒന്നര വർഷം തികയുമ്പോഴാണ് കോടതിയുടെ നിർണ്ണായക വിധി വരുന്നത്. 2025 ജനുവരി 27-നായിരുന്നു അയൽവാസികളായ ഇരുവരെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസും നാട്ടുകാരും മലയിടുക്കുകളിൽ രണ്ടുദിവസം നീണ്ട തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ ജനുവരി 28-ന് രാത്രി 11 മണിയോടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഫെബ്രുവരി അഞ്ചിന്, കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 2019-ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലും ചെന്താമര തന്നെയായിരുന്നു പ്രതി. ഈ കേസിൽ 2022-ൽ ജാമ്യത്തിലിറങ്ങിയ ഇയാൾ, ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസമാക്കിയത്. ഇരട്ടക്കൊലപാതകത്തിന് പിന്നാലെ ഫെബ്രുവരി 18-ന് ഇയാളുടെ പഴയ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
മാർച്ച് 3-ന് സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. തുടർന്ന് മാർച്ച് 25-ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള വിപുലമായ കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. മുപ്പതിലധികം നിർണ്ണായക രേഖകളും ഫോറൻസിക് പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയുള്ള കൃത്യമായ ശാസ്ത്രീയ തെളിവുകളും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 23 മുതൽ മെയ് 6 വരെ നീണ്ടുനിന്ന വിചാരണയിൽ, ആകെ ഉണ്ടായിരുന്ന 132 സാക്ഷികളിൽ 4 പേർ മാത്രമാണ് കൂറുമാറിയത്.
Story Summary
The Palakkad Additional Sessions Court has convicted Chenthamara in the Nenmara double murder case for brutally killing his neighbors Sudhakaran and his mother Lakshmi in January 2025. Chenthamara, who was already out on bail in a 2019 murder case at the time of the incident, was found guilty under BNS Sections 103 (1) and 126 (2) following a comprehensive trial.

