തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഓട്ടോഡ്രൈവർക്കു 37 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി (Child sexual assault). കൊടുങ്ങാവിള ചരിവുവിളവീട്ടിൽ റെസ്റ്റിൻ ദാസിനെയാണ് (46) കോടതി ശിക്ഷിച്ചത്. ജഡ്ജി കെ.എം. സുജയാണ് വിധി പ്രസ്താവിച്ചത്.
2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്ന് വിദ്യാർഥിനിയെ സ്ഥിരമായി വീട്ടിലെത്തിച്ചിരുന്നത് പ്രതിയായിരുന്നു. ഈ വിശ്വാസബന്ധം ദുരുപയോഗം ചെയ്ത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
സംഭവം പുറത്തറിയിച്ചാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുമെന്നും ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി വീണ്ടും ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പൂവച്ചൽ എഫ്. വിനോദും മായാദേവിയും ഹാജരായി. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ മുൻ എസ്.എച്ച്.ഒ കെ.എസ്. അരുണാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Story Summary:
A POCSO court in Neyyattinkara sentenced an autorickshaw driver to 37 years of rigorous imprisonment for abducting and sexually assaulting a Class 10 student. The convict was also fined ₹2.10 lakh.


