തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ (Pinarayi Vijayan PM SHRI scheme Kerala). പ്രതിപക്ഷത്തിരുന്നപ്പോൾ ഉയർത്തിയ ശക്തമായ നിലപാടുകൾ കാറ്റിൽപ്പറത്തിയാണ് യുഡിഎഫ് മുന്നണി യോഗത്തിൽ ഇത്തരം ഒരു തീരുമാനമെടുത്തതെന്നും ഇത് കേരളത്തിന്റെ മതനിരപേക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പദ്ധതിയിൽ നിന്ന് പിന്മാറാൻ നിയമപരമായി കഴിയില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തെറ്റാണെന്ന് പാർലമെന്റ് രേഖകൾ വ്യക്തമാക്കുന്നുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി. പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പിന്മാറാമെന്നും, പദ്ധതി വിഹിതം മാത്രമാണ് അതിലൂടെ നഷ്ടമാവുകയെന്നും മുസ്ലിം ലീഗ് എംപി പി.വി. അബ്ദുൾ വഹാബിന്റെ ചോദ്യത്തിന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പദ്ധതിക്കായി കേരളം ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് കോൺഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിനും കേന്ദ്രം മറുപടി നൽകിയിരുന്നു.
നിയമപരമായ യാതൊരു നിർബന്ധവുമില്ലാതിരുന്നിട്ടും പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് കാണിക്കുന്ന അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പത്തുവർഷക്കാലം എൽഡിഎഫ് ഭരണത്തിന് കീഴിൽ ആർഎസ്എസിന്റെ വർഗ്ഗീയ സിലബസിന് മുന്നിൽ മുട്ടുമടക്കാതെ കാത്തുസൂക്ഷിച്ച കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെയാണ് യുഡിഎഫ് ഇപ്പോൾ ഒറ്റുകൊടുക്കുന്നത്. സർക്കാരിന്റെ ഈ വഞ്ചനാപരമായ നിലപാടിനെതിരെ പൊതുസമൂഹം ശക്തമായി രംഗത്തുവരണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
Story Summary: Leader of Opposition Pinarayi Vijayan criticized the UDF government’s decision to implement the PM SHRI scheme in Kerala, calling it a surrender to Sangh Parivar’s saffronisation agenda. Citing parliamentary records, he asserted that there is no legal obligation to join the scheme and accused Chief Minister V.D. Satheesan of misleading the public.


