തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ തീരദേശ ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും (Kerala high wave alert) സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ശനിയാഴ്ച വരെ 2.8 മുതൽ 3.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ചോമ്പാല മുതൽ രാമനാട്ടുകര വരെയും, കണ്ണൂരിലെ വളപ്പട്ടണം മുതൽ ന്യൂമാഹി വരെയും, കാസർകോട്ടെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരപ്രദേശങ്ങളിലുമാണ് കടലാക്രമണ സാധ്യത കൂടുതലെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ സ്വാധീനത്തെ തുടർന്ന് കന്യാകുമാരി തീരത്തും 1.4 മുതൽ 1.7 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. തീരപ്രദേശങ്ങളിലെ ജനങ്ങൾ അനാവശ്യമായി കടൽത്തീരങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലയിടങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുക.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കുന്നത് ഒഴിവാക്കുക.
ശക്തമായ തിരമാലകളുള്ള സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുകയോ കരയ്ക്കടുപ്പിക്കുകയോ ചെയ്യരുത്.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിലെ വിനോദപ്രവർത്തനങ്ങളും ഒഴിവാക്കുക.
മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിട്ട് ആവശ്യമായ അകലം പാലിക്കുക.
മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുക.
തീരശോഷണ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തുക.
മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ്
ഓഗസ്റ്റ് 1 മുതൽ 4 വരെ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരപ്രദേശം, ശ്രീലങ്കൻ തീരത്തോട് ചേർന്ന കടൽഭാഗങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ മേഖലകൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. ഈ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയ സമുദ്രമേഖലകളിൽ മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Story Summary:
INCOIS has issued a high wave and coastal erosion warning for parts of Kerala, especially Kozhikode, Kannur, and Kasaragod districts. Fishermen and coastal residents have been advised to remain vigilant as strong winds and rough sea conditions are expected until August 4.


