കണ്ണൂർ: ക്ഷേത്രങ്ങളിൽ പാർട്ടി സ്വാധീനം ഉറപ്പിക്കുന്നതിനായി സി.പി.ഐ.എം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും അതിന്റെ സംസ്ഥാനതല ചുമതല തനിക്കാണെന്നുമുള്ള മാധ്യമ വാർത്തകൾ പൂർണ്ണമായും തള്ളി സി.പി.എം നേതാവ് പി. ജയരാജൻ. മാധ്യമങ്ങളുടെ വ്യാജ വാർത്താ നിർമ്മിതിയുടെ പരമ്പരയിൽ ഒടുവിലത്തേതാണ് ഇതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.(P Jayarajan Denies CPM Temple Control Committee Reports Calls It Fake News)
വിശ്വാസികളാണ് ക്ഷേത്രങ്ങളുടെ കാര്യങ്ങൾ നിയന്ത്രിക്കേണ്ടതെന്നും, അതിൽ സി.പി.ഐ.എമ്മിന് യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങൾ സ്വന്തം സംഘടനാ താല്പര്യങ്ങൾക്കായി ക്ഷേത്രങ്ങൾ കയ്യടക്കാൻ ശ്രമിക്കുന്നില്ലെന്നും എന്നാൽ ആരാധനാലയങ്ങളെ അയോധ്യ മാതൃകയിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ സംഘപരിവാർ നടത്തുന്ന ആസൂത്രിത നീക്കങ്ങളെ ചെറുക്കുമെന്നും പി. ജയരാജൻ പറഞ്ഞു.
ഇത്തരം പ്രചാരണങ്ങൾക്കിടയിലും നിരവധി ആളുകൾ തങ്ങളെ വിളിച്ച് ക്ഷേത്രങ്ങളിലെ അഴിമതികൾക്കെതിരെ കമ്മ്യൂണിസ്റ്റുകാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തകളിൽ പ്രചരിക്കുന്നത് പോലുള്ള യാതൊരു തീരുമാനവും സി.പി.ഐ.എം കൈക്കൊണ്ടിട്ടില്ലെന്നും അത്തരം മാധ്യമവാർത്തകൾ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുറിപ്പിൻ്റെ പൂർണ്ണരൂപം
ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ കമ്മിറ്റിയുമായി സിപിഐഎം;പി ജയരാജന് സംസ്ഥാനതല ചുമതല… എന്ന നിലയിൽ ഒരു വാർത്ത ഏതായാലും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതായി കാണുന്നു. നുണ നിർമ്മിതിയുടെ പരമ്പരയിൽ ഒടുവിലത്തെതാണ് ഇത്.
രാജ്യത്തെ പ്രധാനപ്പെട്ട ഇടതുപക്ഷ പാർട്ടിയാണ് സിപിഐഎം. ചുറ്റും നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനും പ്രതികരിക്കാനും സിപിഐഎം എക്കാലത്തും ശ്രമിക്കാറുണ്ട്. ഓരോ മേഖലയിലും എങ്ങനെയാണ് ഇടപെടേണ്ടത് എന്നും പാർട്ടിക്ക് ധാരണയുണ്ട്.
വിശ്വാസികൾ അണിനിരക്കേണ്ട ഇടമാണ് ആരാധനാലയം. അത്തരം ആരാധനാലയങ്ങളിൽ പിടിമുറുക്കാനുള്ള ശ്രമമാണ് വർത്തമാനകാലത്ത് വർഗീയശക്തികൾ ആസൂത്രിതമായി നടത്തുന്നത്.അതേക്കുറിച്ചൊക്കെ നിരന്തരം പ്രതികരിക്കുകയും എഴുതുകയും ചെയ്ത പാർട്ടി പ്രവർത്തകരാണ് ഞാൻ.
അത്തരം ഇടപെടലാണ് ഈ നുണ നിർമ്മാതാക്കളെ അലോസരപ്പെടുത്തുന്നത്.
അതുകൊണ്ടാണ് വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ അവർ വ്യാപൃതരാകുന്നത്.
വിശ്വാസികളാണ് ക്ഷേത്രത്തിൻറെ കാര്യം നോക്കേണ്ടത് എന്നതിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല.ആ വിശ്വാസികളെ വഴിതെറ്റിക്കാനുള്ള രാഷ്ട്രീയ നീക്കം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ആർഎസ്എസ് നടത്തുന്നത്.അങ്ങനെ സ്വന്തം സംഘടന താത്പര്യങ്ങൾക്കുവേണ്ടി ക്ഷേത്രങ്ങൾ കയ്യടക്കി ദുരുപയോഗം ചെയ്യുക മാത്രമല്ല അയോധ്യയിൽ രാമൻറെ പേരിൽ ക്ഷേത്രം ഉണ്ടാക്കി കൊടും കൊള്ള നടത്തുകയും ചെയ്ത പാരമ്പര്യമാണ് ആർഎസ്എസിന്റെത്.
ആ സംഘപരിവാർ ശക്തികളാണ് കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഇത്തരം കള്ളങ്ങൾ ഉത്പാദിപ്പിക്കുന്നത്.
ഇങ്ങനെയൊരു വ്യാജവാർത്ത വന്നപ്പോൾ പലരും വിളിച്ച് അന്വേഷിക്കുകയുണ്ടായി. പല മാധ്യമങ്ങളിലും ഒരുപോലെ വാർത്തകൾ വന്നപ്പോൾ ചിലരൊക്കെ അത് വിശ്വസിക്കുന്ന നിലയും ഉണ്ടായി. അങ്ങനെയുള്ളവരുടെ ചില ശ്രദ്ധേയമായ പ്രതികരണങ്ങളും ലഭിക്കുകയുണ്ടായി. ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ക്രമക്കേടുകളും അരാജക പ്രവണതകളും മോഷണവും ഒക്കെ ചൂണ്ടിക്കാട്ടിയുള്ള സന്ദേശങ്ങളാണ് വന്നത്. അവിടങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ ഇടപെടണം എന്ന് ആവശ്യം പോലും ചിലർ ഉന്നയിക്കുകയുണ്ടായി.
ഇവിടെ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്.
ഈ വാർത്തകളിൽ വന്നതുപോലുള്ള ഒരു തീരുമാനം സിപിഐഎം എടുത്തിട്ടില്ല
Story Summary
CPM leader P. Jayarajan strongly rejected media reports claiming the party formed a special committee under his leadership to take control of temples in Kerala. Terming it as fake news created by right-wing elements, he clarified that believers should manage temples while criticizing RSS for attempting to misuse places of worship for political gains.


