പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്.
നിർഭയ് കുമാർ എന്ന യുവാവാണ് തന്നെ കടിച്ച ചെറിയ മൂർഖൻ പാമ്പിനെ പിടികൂടി ഒരു പെട്ടിയിലാക്കി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്. പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിർഭയ്ക്ക് കടിയേറ്റതെന്നാണ് വിവരം. തുടർന്ന് പാമ്പ് രക്ഷപ്പെടാതിരിക്കാൻ ഉടൻ തന്നെ പിടികൂടി പെട്ടിയിലാക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ നിർഭയ്, തന്നെ കടിച്ചത് ഏത് പാമ്പാണെന്ന് ഡോക്ടർമാർക്ക് കാണിച്ചുകൊടുക്കാനായി പെട്ടി തുറന്നതോടെ ആശുപത്രിയിൽ പരിഭ്രാന്തി പടർന്നു. പാമ്പിനെ കണ്ട രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ഭയന്ന് ഓടിമാറി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാമ്പുകടിയേറ്റ നിർഭയ്ക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായി 12 മണിക്കൂർ നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർമാർ നിർദേശിച്ചു.
അതേസമയം, പാമ്പിനെ സ്വയം പിടികൂടാൻ ശ്രമിക്കുന്നത് അതീവ അപകടകരമാണെന്നും ഇത്തരം പ്രവർത്തികൾ ആരും അനുകരിക്കരുതെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. പരിശീലനമില്ലാതെ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നത് കൂടുതൽ അപകടങ്ങൾക്കും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകാമെന്നും അവർ വ്യക്തമാക്കി.
Story Summary:
A man in Bihar brought the cobra that bit him to a hospital in a box, causing panic among patients and staff. Doctors treated him and warned the public never to attempt catching snakes on their own.


