തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയുണ്ടെന്ന വാർത്തകൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. രമേശ് ചെന്നിത്തല തന്റെ നേതാവും ജ്യേഷ്ഠ സഹോദര തുല്യനുമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. ഈ വീട് നിർമ്മിച്ച കാലം മുതൽ താൻ ഇവിടെ വരുന്നതാണെന്നും സന്ദർശനത്തിന് പിന്നിൽ മാധ്യമങ്ങൾ പറയുന്നതുപോലെയുള്ള മറ്റ് അർത്ഥങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ദൗത്യം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും തനിക്കുണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.(VD Satheesan Visits Ramesh Chennithala After High Command Decision)
ചെന്നിത്തല പുതിയ മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന്, അതെല്ലാം പാർട്ടി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹവുമായി കൂടിയാലോചിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും വി.ഡി സതീശൻ വ്യക്തമാക്കി. വി.ഡി സതീശൻ മുഖ്യമന്ത്രിയായതിൽ തനിക്ക് സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. തങ്ങൾ എല്ലാവരും വളരെയേറെ വ്യക്തിപരമായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യമാണ് പാർട്ടി ഹൈക്കമാൻഡ് വി.ഡി സതീശനെ ഏൽപ്പിച്ചിരിക്കുന്നത്. അത് പാർട്ടി പ്രവർത്തകരും തങ്ങളും ഒരുമിച്ച് നിന്ന് നിറവേറ്റുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. എന്നാൽ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തങ്ങൾ തമ്മിൽ യാതൊരുവിധ ഉപാധികളുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Story Summary
Designated CM VD Satheesan visited Ramesh Chennithala at his residence, describing him as a brotherly figure whose blessings he possesses for the new role. Chennithala welcomed the High Command’s decision, stating that the entire party would stand united with Satheesan to lead Kerala after 10 years of LDF rule.

