ചെന്നൈ: നടി ത്രിഷയെ പരാമർശിച്ചുള്ള വിവാദ പ്രസംഗത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതികരണവുമായി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. താൻ മോശമായ പരാമർശം നടത്തിയിട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഉദയനിധി വ്യക്തമാക്കി (Udhayanidhi Stalin Detained). “ഞാൻ എന്താണ് തെറ്റായി പറഞ്ഞത്? കോടതി തീരുമാനിക്കട്ടെ,” എന്നാണ് പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം മാധ്യമങ്ങളോട് ഉദയനിധി പ്രതികരിച്ചത്. താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും മോശം ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും നിയമപരമായ നടപടികൾ നേരിടാൻ തയ്യാറാണെന്നും ഉദയനിധി പറഞ്ഞു.
തഞ്ചാവൂരിൽ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെതിരെ നടന്ന കാവേരി നദീജല പ്രതിഷേധ യോഗത്തിലായിരുന്നു വിവാദ പരാമർശം ഉണ്ടായത്. മുഖ്യമന്ത്രി സി. വിജയ് കാവേരി വിഷയത്തിൽ ഇടപെടുന്നില്ലെന്ന് വിമർശിക്കുന്നതിനിടെ സദസ്സിൽ നിന്ന് നടി ത്രിഷയുടെ പേര് വിളിച്ചുപറഞ്ഞതിനെ തുടർന്നാണ് ഉദയനിധി ഇരട്ട അർഥമുള്ള പരാമർശം നടത്തിയതെന്നാണ് ആരോപണം.
തന്റെ പ്രസംഗത്തിന്റെ വീഡിയോ കൃത്രിമമായി മാറ്റിയതാണെന്നും ഉദയനിധി ആരോപിച്ചു. ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഡിഎംകെ എംഎൽഎമാർക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുകയാണെന്നും കുതിരക്കച്ചവടത്തിലൂടെ രാഷ്ട്രീയ നേട്ടം ലക്ഷ്യമിടുകയാണെന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തിന് പിന്നാലെ വിജയ് നയിക്കുന്ന ടിവികെ ദേശീയ വനിതാ കമ്മിഷന് പരാതി നൽകുകയും ഉദയനിധിക്കെതിരെ പോലീസ് നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്ത്രീയെ അപമാനിക്കുന്നതും വസ്തുവൽക്കരിക്കുന്നതുമായ പരാമർശമാണ് ഉണ്ടായതെന്ന് ടിവികെ ആരോപിച്ചു.
ഉദയനിധിയുടെ കസ്റ്റഡി നടപടിയിൽ പ്രതിഷേധിച്ച് വിവിധ ഇടങ്ങളിൽ ഡിഎംകെ പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. അതേസമയം, രാഷ്ട്രീയ നേതാക്കൾ പൊതുവേദികളിൽ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് വ്യാപക ചർച്ചകൾക്കും വിവാദം വഴിവെച്ചിരിക്കുകയാണ്. ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ ഉൾപ്പെടെയുള്ളവർ ഉദയനിധിയുടെ പരാമർശത്തെ വിമർശിച്ചു. മുഖ്യമന്ത്രിയെ വിമർശിക്കുന്നതിന്റെ പേരിൽ അശ്ലീലവും ഇരട്ട അർഥമുള്ളതുമായ ഭാഷ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അവർ പ്രതികരിച്ചു.
Summary: DMK leader Udhayanidhi Stalin reacted after being detained over his alleged double-meaning remark involving actor Trisha during a protest meeting in Thanjavur. He denied making any offensive comment, claimed the video was doctored and said he would face the case legally.


