പത്തനംതിട്ട: സംസ്ഥാനത്ത് പെയ്തിറങ്ങിയ പ്രളയസമാനമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും മധ്യകേരളത്തിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം തുടരുന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളാണ് ഇപ്പോഴും വെള്ളത്തിനടിയിലുള്ളത്.(Heavy Rain Subsides In Kerala Waterlogging Persists Death Toll Rises To Twenty One)
മഴക്കെടുതികളിൽ ഇന്ന് 4 പേർ കൂടി മരിച്ചതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 21 ആയി ഉയർന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് മേഖലകളിലാണ് സ്ഥിതി അതീവ രൂക്ഷമായി തുടരുന്നത്. റാന്നിയിൽ ജനവാസ മേഖലകളിൽ നിന്ന് വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും വീടുകളിലും കടകളിലും ചെളിയും മാലിന്യങ്ങളും നിറഞ്ഞതിനാൽ സാധാരണ നിലയിലാകാൻ ദിവസങ്ങളെടുക്കും.
ആലപ്പുഴ-ചങ്ങനാശേരി (AC) റോഡിലും കോട്ടയം എം.സി റോഡിൽ നാഗമ്പടം ഭാഗത്തും വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു. മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഇപ്പോഴും ഉയർന്ന നിലയിലാണ്. ചെങ്ങന്നൂരിൽ വെള്ളക്കെട്ടിൽ വീണും, കോട്ടയം മണർകാട്ട് ഒഴുക്കിൽപ്പെട്ടുമാണ് രണ്ട് യുവാക്കൾ മരിച്ചത്. കോഴിക്കോട് പെരുവയലിൽ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന യുവാവും, പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫയും മരണപ്പെട്ടു.
വടക്കൻ കേരളത്തിൽ കോഴിക്കോട് മലയോര മേഖലകളിലും കണ്ണൂർ നഗരപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട 16 ഡാമുകളും റിസർവോയറുകളും നിലവിൽ തുറന്നുവിട്ടിരിക്കുകയാണ്. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കൂത്ത്, കുറ്റ്യാടി ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്.
Story Summary
Although heavy rains have subsided in Kerala, severe waterlogging persists across Pathanamthitta, Kottayam, and Alappuzha. The rain-related death toll has risen to 21 over four days, with 16 dams and reservoirs remaining open across the state.


