ബീജിങ്: സങ്കീർണ്ണമായ പർവ്വത പ്രതിഭാസങ്ങളിലൂടെയും കഠിനമായ പാറയിടുക്കുകളിലൂടെയും തുരങ്കനിർമ്മാണം വേഗത്തിലാക്കാൻ ലോകത്തിലെ ആദ്യ ‘ടണൽ ബോറിങ്-ബ്ലാസ്റ്റിങ്’ (Boring and Blasting Machine) യന്ത്രം വികസിപ്പിച്ച് ചൈന (Xianglong tunnel boring blasting machine China). ‘ഷിയാങ്‌ലോങ്’ (Xianglong) എന്ന് പേരിട്ടിരിക്കുന്ന ഈ വിപ്ലവകരമായ ഹൈബ്രിഡ് യന്ത്രം സിൻഹുവ സർവ്വകലാശാലയും ചൈന റെയിൽവേ ഗ്രൂപ്പ് സബ്സിഡിയറിയും ചേർന്നാണ് വികസിപ്പിച്ചെടുത്തത്.
മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ നിർമ്മാണശാലയിൽ നിന്നാണ് 4.55 മീറ്റർ വ്യാസവും 70 മീറ്റർ നീളവുമുള്ള യന്ത്രം പുറത്തിറക്കിയത്. പരമ്പരാഗത ടണൽ ബോറിങ് യന്ത്രങ്ങളെക്കാൾ (TBM) വലിപ്പം കുറഞ്ഞ ഈ സംവിധാനത്തിൽ മെക്കാനിക്കൽ ഖനനത്തോടൊപ്പം ഡ്രില്ലിങ്, ബ്ലാസ്റ്റിങ് സാങ്കേതികവിദ്യകളും ഒരേസമയം സമയിപ്പിച്ചിരിക്കുന്നു.
കഠിനവും വിള്ളലുകളുള്ളതുമായ പർവ്വതശിലകളിൽ തുരങ്കനിർമ്മാണം നടത്തുമ്പോൾ സാധാരണ ടി.ബി.എമ്മുകൾ നേരിടുന്ന വേഗതക്കുറവും സാങ്കേതിക തടസ്സങ്ങളും പരിഹരിക്കാൻ ‘ഷിയാങ്‌ലോങ്ങിന്’ സാധിക്കും. മുൻപ് ബോറിങ് യന്ത്രങ്ങളും പരമ്പരാഗത ഡ്രിൽ-ബ്ലാസ്റ്റ് രീതികളും മാറിമാറി ഉപയോഗിക്കേണ്ടി വന്ന സ്ഥാനത്ത് പുതിയ യന്ത്രം ഉപയോഗിക്കുന്നതിലൂടെ നിർമ്മാണ കാര്യക്ഷമത 30 ശതമാനത്തോളം വർദ്ധിപ്പിക്കാമെന്ന് സയൻസ് ആൻഡ് ടെക്നോളജി ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു.
പൂർണ്ണമായും ചൈനീസ് നിർമ്മിത ഘടകങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ച ‘ഷിയാങ്‌ലോങ്’, ഹെനാൻ പ്രവിശ്യയിൽ വികസനത്തിലുള്ള പമ്പ്ഡ് സ്റ്റോറേജ് പവർ പ്ലാന്റിലാണ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുക.
Story Summary: China has unveiled ‘Xianglong’, the world’s first hybrid tunnel boring-and-blasting machine developed jointly by Tsinghua University and China Railway Group. Rolled off the line in Wuhan, the machine integrates mechanical excavation with drill-and-blast methods, boosting tunneling efficiency in extreme, hard-rock conditions by 30%.


