തിരുവനന്തപുരം: പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ (KB Ganesh Kumar CP John controversy0. കാര്യം നടന്നുകഴിഞ്ഞപ്പോൾ യു.ഡി.എഫ് സർക്കാർ സ്ത്രീകളെ അപമാനിക്കുകയാണെന്ന് ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അധികാരത്തിൽ വന്നാൽ എല്ലാ ബസുകളിലും എവിടെ വേണമെങ്കിലും യാത്ര ചെയ്യാമെന്ന് പറഞ്ഞ് വോട്ട് പിടിച്ച് അധികാരത്തിലെത്തിയപ്പോൾ സൗജന്യയാത്ര നാമമാത്രമായ ബസുകളിലേക്ക് ചുരുക്കി. തുടർന്ന് ഇത്തരം ബസുകളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകളെ സൗജന്യമായതുകൊണ്ട് തള്ളിക്കയറുന്നുവെന്നും ദാരിദ്ര്യം അഭിനയിക്കുന്നുവെന്നും പറഞ്ഞ് അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്നും വെറും മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി.
മന്ത്രിയുടെ വിവാദ പ്രസ്താവന:
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി സി.പി. ജോൺ വിവാദ പരാമർശം നടത്തിയത്. പണമില്ലാത്ത കെ.എസ്.ആർ.ടി.സി ബസുകളിൽ തള്ളിക്കയറുന്ന സ്ത്രീകൾ, മക്കളെ ഫീസ് നൽകേണ്ട സ്വകാര്യ സ്കൂളുകളിലാണ് പഠിപ്പിക്കുന്നതെന്നും രോഗം വരുമ്പോൾ അച്ഛനെയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രികളുടെ വരാന്തയിൽ കിടക്കുമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ. പ്രസ്താവന വിവാദമായെങ്കിലും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും സി.പി. ജോൺ പിന്നീട് പ്രതികരിച്ചു.
Story Summary: Former Transport Minister K.B. Ganesh Kumar slammed current Transport Minister C.P. John over his controversial remarks about women utilizing free KSRTC bus travel under the Priyadarshini scheme. Ganesh Kumar accused the government of insulting women commuters after luring them with poll promises.


