ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വൻ നിയമന നടപടികൾ ആരംഭിച്ചു. എൻജിനിയറിങ്, മെഡിക്കൽ ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകൾ കൂടുതൽ വിശ്വാസ്യതയോടെയും സുതാര്യമായും നടത്താൻ ലക്ഷ്യമിട്ടുള്ള സ്ഥാപന പുനഃസംഘടനയുടെ ഭാഗമായാണ് നാല് മുതിർന്ന നേതൃത്വ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. (National Testing Agency Reforms)
ലിങ്ക്ഡ്ഇനിലൂടെ പുറത്തുവിട്ട അറിയിപ്പിലാണ് എൻടിഎ ഈ നിയമനങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. മുൻ ഐഎസ്ആർഒ ചെയർമാൻ പ്രൊഫ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഹൈ ലെവൽ കമ്മിറ്റി ഓഫ് എക്സ്പേർട്സിന്റെ (HLCE) ശുപാർശകളുടെ അടിസ്ഥാനത്തിൽ എൻടിഎയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്ഥാപന ശക്തിപ്പെടുത്തൽ നടപടികളാണ് പുരോഗമിക്കുന്നതെന്ന് ഏജൻസി അറിയിച്ചു. അക്കാദമിക നിലവാരം, സാങ്കേതികവിദ്യ, സൈബർ സുരക്ഷ, പരീക്ഷാ നടത്തിപ്പ്, ഭരണസംവിധാനം തുടങ്ങിയ എല്ലാ മേഖലകളിലും സമഗ്രമായ മാറ്റങ്ങളാണ് നടപ്പാക്കുന്നതെന്ന് എൻടിഎ വ്യക്തമാക്കി. കോടിക്കണക്കിന് വിദ്യാർഥികൾ അർഹിക്കുന്ന വിശ്വാസ്യതയുള്ള പരീക്ഷാ സംവിധാനം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഏജൻസി അറിയിച്ചു.
ജനറൽ മാനേജർ (അസസ്മെന്റ് – ഗവേഷണവും സൈക്കോമെട്രിക്സും), ജനറൽ മാനേജർ (ടെസ്റ്റ് സെന്റർ നെറ്റ്‌വർക്ക് ആൻഡ് ഓപ്പറേഷൻസ്), ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ (വിവരസുരക്ഷ), ജനറൽ മാനേജർ (വിജിലൻസ്, അന്വേഷണം, ഫോറൻസിക്സ്) എന്നീ നാല് സുപ്രധാന തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. രാജ്യത്തെ മത്സരപരീക്ഷാ സംവിധാനത്തെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിൽ ഈ തസ്തികകൾ നിർണായകമാകുമെന്ന് എൻടിഎ അറിയിച്ചു. ഇതോടൊപ്പം സിവിൽ സർവീസ് പരീക്ഷകൾ എഴുതിയ യുവ പ്രൊഫഷണലുകൾക്കായി അക്കാദമിക് റിസർച്ച് വിഭാഗത്തിൽ 12 ഒഴിവുകളും, ലീഗൽ റിസർച്ച് വിഭാഗത്തിൽ രണ്ട് ഒഴിവുകളും, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് റിസർച്ച് വിഭാഗത്തിൽ രണ്ട് ഒഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. താൽപര്യമുള്ളവർ എൻടിഎയെ നേരിട്ട് സമീപിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മത്സരപരീക്ഷാ സംവിധാനത്തിൽ വൻ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകണി അധ്യക്ഷനായ ഉന്നതതല ടാസ്‌ക് ഫോഴ്സിനും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രൂപം നൽകിയിരുന്നു.
ദേശീയ പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ, സിയുഇടി എന്നിവ ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകൾ എൻടിഎയാണ് നടത്തിവരുന്നത്. പരീക്ഷാ നടത്തിപ്പിലെ സാങ്കേതിക സുരക്ഷ വർധിപ്പിക്കൽ, സ്ഥാപന ഘടന ശക്തിപ്പെടുത്തൽ, ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയൽ എന്നിവയാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.
Summary: The National Testing Agency (NTA) has launched a major recruitment drive for key leadership positions as part of its institutional overhaul. The move follows recommendations for exam reforms and aims to strengthen the credibility, security, and transparency of India’s competitive examination system


