ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയുടെ പരിഗണനയ്‌ക്കെടുത്തു. സ്വതന്ത്ര ഇന്ത്യയിൽ പരീക്ഷാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും ഭാവി സുരക്ഷിതമാക്കാൻ നിലവിൽ വന്ന 2024-ലെ നിയമത്തിലെ ഭേദഗതികളാണ് ലോക്‌സഭയിൽ അവതരിപ്പിച്ചതെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.(Public Examinations Amendment Bill, Lok Sabha Considers the Bill Rajya Sabha Adjourned)
ബില്ലിൽ സമഗ്രമായ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു. ആദ്യം ആറ് മണിക്കൂറും പിന്നീട് എട്ട് മണിക്കൂറുമായി തീരുമാനിച്ച ചർച്ച സമയം 10 മണിക്കൂറായി ഉയർത്താൻ തയ്യാറാണെന്ന് മന്ത്രി അറിയിച്ചതിനെ തുടർന്ന് സ്പീക്കർ ഓം ബിർള ഇതിന് അനുമതി നൽകി.
പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൊതുപരീക്ഷാ ഭേദഗതി ബിൽ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള ഉറച്ച പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു നിയമം ആദ്യമായാണെന്നും, ഭാരതാംബയുടെ മക്കളുടെ ഭാവികൊണ്ട് ആരെയും കളിക്കാൻ അനുവദിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന്റെ പ്രഖ്യാപനമാണിതെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു. 2024-ൽ കേന്ദ്ര സർക്കാർ പാസാക്കിയ പൊതുപരീക്ഷാ നിയമത്തിൽ കൂടുതൽ കർശനമായ വ്യവസ്ഥകളും കടുത്ത ശിക്ഷകളും ഉൾപ്പെടുത്തിയാണ് പുതിയ ഭേദഗതി ബിൽ സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ തന്നെ ഇതൊരു നാഴികക്കല്ലായ നിയമനിർമ്മാണമാണെന്ന് വിശേഷിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരീക്ഷാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുക്കുന്നതിനുമായി കൊണ്ടുവന്ന ബില്ലിൽ വിശദമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ സഭയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, വൻ പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസന ഭേദഗതി ബിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സഭാ നടപടികൾ നിർത്തിവെച്ചത്. സഭ നാളെ രാവിലെ 11 മണിക്ക് വീണ്ടും സമ്മേളിക്കും.
Story Summary
The Lok Sabha has taken up the Public Examinations Amendment Bill for discussion, with Minister Kiren Rijiju agreeing to extend the debate duration to 10 hours following opposition demands. Meanwhile, amidst continuous opposition protests, the Rajya Sabha was adjourned for the day shortly after the introduction of the MSME Development (Amendment) Bill, 2026.


