ന്യൂഡൽഹി: പ്ലാറ്റ്‌ഫോമുകളിലും തട്ടുകളിലും ഉറങ്ങിക്കിടന്നവർക്ക് വാഹനാപകടത്തിൽ പങ്കുണ്ടെന്ന് കാട്ടി നഷ്ടപരിഹാരം പകുതിയായി കുറച്ച മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. പ്ലാറ്റ്‌ഫോമിൽ ഉറങ്ങുന്നത് ഡ്രൈവറുടെ അശ്രദ്ധയ്ക്ക് കാരണമായി കാണാൻ കഴിയില്ലെന്നും, അപകടത്തിന് ഇരയായവർക്ക് മുഴുവൻ നഷ്ടപരിഹാരത്തിനും അർഹതയുണ്ടെന്നും ജസ്റ്റിസ് അനീഷ് ദയാൽ വ്യക്തമാക്കി.(Delhi High Court Rules Sleeping On Pavement Not Contributory Negligence Enhances Compensation)
2015 ഒക്ടോബർ പുലർച്ചെ 4.30-ഓടെ മടിപ്പൂർ മെട്രോ സ്റ്റേഷന് സമീപമുള്ള പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന നാലുപേരുടെ ശരീരത്തിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് കയറിയിറങ്ങിയാണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ടുപേർ മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇരകൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിൽ 50 ശതമാനം ട്രിബ്യൂണൽ വെട്ടിക്കുറച്ചിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
രാജ്യത്ത് ഭവനരഹിതരായ നിരവധി മനുഷ്യരുണ്ടെന്നും അവർക്ക് രാത്രി സമയങ്ങളിൽ ഇത്തരം ഇടങ്ങൾ താരതമ്യേന സുരക്ഷിതമായ വിശ്രമ കേന്ദ്രങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി. വാഹനങ്ങൾ കയറിവരുമെന്ന് പ്രതീക്ഷിക്കാത്ത പ്ലാറ്റ്‌ഫോമുകളിൽ ആളുകൾ ഉറങ്ങുന്നത് ഡ്രൈവറുടെ അശ്രദ്ധയ്ക്കുള്ള ന്യായീകരണമല്ല. കാൽനടയാത്രക്കാർക്ക് മാത്രമുള്ള ഇടങ്ങളിലേക്ക് വാഹനം ഓടിച്ചുകയറ്റാൻ നിയമപരമായി യാതൊരു അനുമതിയില്ലെന്നും ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
ഉത്തരവിലൂടെ ട്രിബ്യൂണൽ വെട്ടിക്കുറച്ച 50% തുക പുനഃസ്ഥാപിച്ച ഹൈക്കോടതി, ആറാഴ്ചയ്ക്കകം ഇൻഷുറൻസ് കമ്പനിയോട് തുക നൽകാനും ആവശ്യപ്പെട്ടു. മരിച്ച രണ്ടുപേരുടെ കുടുംബങ്ങൾക്ക് ഏകദേശം 10 ലക്ഷം രൂപ വീതവും, പരിക്കേറ്റ രണ്ടുപേർക്ക് യഥാക്രമം 1,20,005 രൂപ, 18,10,569 രൂപ വീതവുമാണ് പൂർണ്ണ നഷ്ടപരിഹാരമായി അനുവദിച്ചത്.
Story Summary
The Delhi High Court set aside an MACT order that deducted 50 percent compensation for road accident victims sleeping on a pavement, ruling that sleeping on footpaths cannot be considered contributory negligence. Justice Anish Dayal ordered full compensation to the victims and kin of the deceased after a high-speed truck rammed into homeless people sleeping under Madipur Metro Station.


