കൊച്ചി: വാർഷിക വരവ്-ചെലവ് കണക്കുകൾ കൃത്യമായി നൽകാത്തതിനെ തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കണക്കുകൾ ഓഡിറ്റ് വിഭാഗത്തിന് പൂർണ്ണമായി നൽകാത്തതിനാൽ മുഴുവൻ നടപടിക്രമങ്ങളും ഇരുട്ടിലാകുന്ന അവസ്ഥയാണെന്നും, കണക്കുകൾ സൂക്ഷിക്കുന്നതിൽ ദേവസ്വം ഭരണസമിതിയുടെ ഭാഗത്തുനിന്ന് കാര്യമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് കുറ്റപ്പെടുത്തി.(Kerala High Court Slams Guruvayur Devaswom Over Audit Delays Orders Report Release)
“ദേവസ്വത്തിന്റെ മുഴുവൻ സ്വത്തുക്കളും ദേവന്റേതാണ്. ഭരണസമിതി ഒരു കേവല ട്രസ്റ്റി മാത്രമാണെന്ന് കോടതി കടുത്ത ഭാഷയിൽ ഓർമ്മിപ്പിച്ചു. 2022–2023 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഒരാഴ്ചയ്ക്കകം പുറത്തുവിടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിലെ ഡിജിറ്റൽ പണമിടപാടുകളിൽ സംഭവിച്ച ഗുരുതര വീഴ്ചകളും ക്രമക്കേടുകളും സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഭരണസമിതിയെ രൂക്ഷമായി വിമർശിച്ചത്.
ഓഡിറ്റിംഗ് രീതിയിൽ സമഗ്രമായ പരിഷ്കരണം അത്യാവശ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭാവിയിൽ ഇത്തരം വീഴ്ചകൾ തടയാൻ കോടതി ചില പ്രധാന നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു. എല്ലാ മാസാവസാനവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ വരവ്-ചെലവ് കണക്കുകൾ കൃത്യമായി തയ്യാറാക്കി ഭരണസമിതിയുടെ അംഗീകാരം വാങ്ങണം. എല്ലാ വർഷവും ജൂൺ 30-ന് മുൻപായി ദേവസ്വത്തിന്റെ കൈവശമുള്ള സ്വർണ്ണമടക്കമുള്ള മുഴുവൻ വസ്തുവകകളുടെയും മൂല്യനിർണ്ണയം പൂർത്തിയാക്കണം. നിയമപരമായ കാര്യങ്ങൾക്ക് മാത്രമേ ഒരു രൂപ പോലും ചിലവഴിക്കാൻ പാടുള്ളൂ. നിലവിലുള്ള സാങ്കേതിക ന്യൂനതകൾ പരിഹരിച്ച് എല്ലാ സാമ്പത്തിക ഇടപാടുകളും ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റണം. കോടതി ഉന്നയിച്ച വിഷയങ്ങളിലും നിർദ്ദേശങ്ങളിലും വ്യക്തമായ മറുപടി നൽകാൻ ഹൈക്കോടതി ദേവസ്വത്തിന് 10 ദിവസത്തെ സമയം അനുവദിച്ചു.
Story Summary
The Kerala High Court sharply criticized the Guruvayur Devaswom Board for failing to submit financial accounts for audit, reminding them that the temple properties belong to the deity. Highlighting major delays in submitting annual statements and mismanagement in digital transactions, the court ordered the release of the 2022–23 audit report within a week and issued strict guidelines for financial accountability and auditing reforms.


