തൃശ്ശൂർ: ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഇതോടെ പൂരനഗരി ഇനി പത്തുനാൾ നീണ്ടുനിൽക്കുന്ന ആഘോഷപ്പൊലിമയിലേക്ക് കടക്കുകയാണ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റം നടക്കും.(Thrissur Pooram in full swing, Flag hoisting ceremony today)
രാവിലെ 11 മണിയോടെയാണ് തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റം നടക്കുക. ക്ഷേത്രത്തിനകത്തെ കൊടിമരത്തിൽ കൊടിയേറ്റിയ ശേഷം നടുവിലാൽ, നായ്ക്കനാൽ പന്തലുകളിലും പൂരപ്പതാകകൾ ഉയർത്തും. തിരുവമ്പാടിയിലെ കൊടിയേറ്റത്തിന് തൊട്ടുപിന്നാലെ 11.15-ഓടെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. സിംഹമുദ്രയുള്ള പതാകയാണ് ഇവിടെ ഉയർത്തുക. തുടർന്ന് പാലമരത്തിലും മണികണ്ഠനാൽ പന്തലിലും പതാകകൾ ഉയർത്തും.
ലാലൂർ, അയ്യന്തോൾ, കണിമംഗലം, ചൂരക്കോട്ടുകാവ്, പനമുക്കമ്പിള്ളി, കാരമുക്ക്, ചെമ്പൂക്കാവ്, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിലും നിശ്ചിത സമയങ്ങളിൽ കൊടിയേറ്റം നടക്കും. ഏപ്രിൽ 24ന് പൂരച്ചമയ പ്രദർശനം, ഏപ്രിൽ 25ന് വെടിക്കെട്ടിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട്, ഏപ്രിൽ 26ന് തൃശ്ശൂർ പൂരം എന്നിങ്ങനെയാണ് ചടങ്ങുകൾ. ഏപ്രിൽ 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും പകൽ പൂരത്തിന് ശേഷമുള്ള ഉപചാരം ചൊല്ലിപ്പിരിയലും നടക്കും.

