തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്നത്.(Severe heat continues in the state, Yellow alert in 12 districts)
പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 40.1°C ആണ്. വരും മണിക്കൂറുകളിലും വിവിധ ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിലായി നിലനിന്നിരുന്ന എതിർ ചക്രവാതമാണ് ഈ ദിവസങ്ങളിൽ കേരളത്തിൽ ചൂട് കൂടാൻ പ്രധാന കാരണമായത്. ഇത് കാരണം രാത്രികാലങ്ങളിലും അന്തരീക്ഷം തണുക്കാത്ത സാഹചര്യമുണ്ടായി.
കടുത്ത ചൂടിൽ വലയുന്നവർക്ക് ആശ്വാസകരമായ വാർത്തയാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്നത്. നിലവിലുള്ള പ്രതിചക്രവാതം ദുർബലമാകുന്നതോടെ അന്തരീക്ഷം തണുത്തു തുടങ്ങും. അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റം ഉച്ചയ്ക്ക് ശേഷം വേനൽമഴ ലഭിക്കാൻ സഹായകമാകും.

