HomeKerala'ജസ്റ്റ് റിമമ്പർ ദാറ്റ്': SFI പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ...

‘ജസ്റ്റ് റിമമ്പർ ദാറ്റ്’: SFI പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ ‘ഭരത് ചന്ദ്രൻ’ സ്റ്റാറ്റസുകളുമായി പോലീസുകാർ, കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ, അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും | SFI

തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പോലീസ് സേനയിൽ പ്രതിഷേധം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പോലീസുകാർ പ്രതിഷേധം അറിയിക്കുന്നത്. ‘കമ്മീഷണർ’ എന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ വിഖ്യാതമായ സംഭാഷണമാണ് മിക്ക പോലീസുകാരുടെയും വാട്സാപ്പ് സ്റ്റാറ്റസ്.(Policemen expresses anger on SFI activists beating up a police officer)

മേലുദ്യോഗസ്ഥനെ ഭരത് ചന്ദ്രൻ ഐ.പി.എസ് വെല്ലുവിളിക്കുന്ന ഭാഗമാണ് പോലീസുകാർ വ്യാപകമായി പങ്കുവെക്കുന്നത്. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി മിഥുൻ റോയിക്കും അദ്ദേഹത്തിന്റെ സഹോദരിക്കുമെതിരെ കേസെടുത്തിരുന്നു. ഇതിനുള്ള മറുപടിയാണ് ഈ നീക്കം.

മിഥുൻ റോയിക്കെതിരെ ചുമത്തിയ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ. മിഥുൻ ബോധപൂർവ്വം ആരെയും ആക്രമിച്ചിട്ടില്ലെന്നും, തന്നെ പിന്തുടർന്ന് ശല്യം ചെയ്ത എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്നും പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എസ്.എഫ്.ഐ പ്രവർത്തകർ മിഥുൻ റോയിയെയും സഹോദരിയെയും മാളിനുള്ളിൽ പിന്തുടർന്ന് പ്രകോപിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട് ശരിവെക്കുന്നു. മിഥുൻ ഏതെങ്കിലും തരത്തിലുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതായി കണ്ടെത്താനായിട്ടില്ല.

റിപ്പോർട്ട് ഉടൻ തന്നെ സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിക്കും. പോലീസ് സേനയ്ക്കുള്ളിൽ തന്നെ കമ്മീഷണർക്കെതിരെയും രാഷ്ട്രീയ ഇടപെടലിനെതിരെയും കടുത്ത പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ റിപ്പോർട്ട് നിർണ്ണായകമാണ്. ഉദ്യോഗസ്ഥനെ പിന്തുടർന്ന് മർദ്ദിച്ചത് ലജ്ജാകരമാണെന്നും ഇത് സേനയുടെ ആത്മവീര്യം തകർക്കുമെന്നും കേരള പോലീസ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തിരുവനന്തപുരത്തെ മാളിൽ വെച്ചാണ് മിഥുൻ റോയിയെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചത്.

Clickable Info Box