ന്യൂഡൽഹി: ഇന്ത്യയുടെ കര, നാവിക, വ്യോമസേനകളെ ഏകീകൃത ‘തിയേറ്റർ കമാൻഡുകൾ’ (Theatre Commands) ആയി പുനഃസംഘടിപ്പിക്കാനുള്ള സുപ്രധാന നീക്കങ്ങൾ അന്തിമഘട്ടത്തിൽ. കാർഗിൽ യുദ്ധത്തിന് ശേഷം തുടങ്ങിയ ചർച്ചകൾക്ക് ശേഷം, ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പുനഃസംഘടനയ്ക്കാണ് രാജ്യം തയ്യാറെടുക്കുന്നത്. ഈ മാസം അവസാനം കാർഗിൽ വിജയ് ദിവസിനു ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് മുൻപാകെ ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
എന്താണ് തിയേറ്റർ കമാൻഡ്?
നിലവിൽ കര, നാവിക, വ്യോമസേനകൾ വെവ്വേറെയാണ് പരിശീലനവും ആസൂത്രണവും പ്രവർത്തനങ്ങളും നടത്തുന്നത്. ഒരു യുദ്ധസാഹചര്യമുണ്ടായാൽ മൂന്ന് സേനകളും പരസ്പരം ഏകോപിപ്പിച്ച് പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. എന്നാൽ തിയേറ്റർ കമാൻഡ് നിലവിൽ വരുന്നതോടെ ഒരു നിശ്ചിത ഭൂപ്രദേശത്തിന്റെ ചുമതല ഒരു ഉന്നത കമാൻഡർക്ക് നൽകും. ആ മേഖലയിലെ കര, നാവിക, വ്യോമ സേനകളുടെ പ്രവർത്തനങ്ങൾ ആ കമാൻഡറുടെ കീഴിലായിരിക്കും ഏകോപിപ്പിക്കുക.
പദ്ധതിയുടെ പ്രധാന ഘടന:
- ചൈനീസ് അതിർത്തി കേന്ദ്രീകരിച്ചുള്ള വടക്കൻ കമാൻഡ്.
- പാകിസ്ഥാൻ അതിർത്തി കേന്ദ്രീകരിച്ചുള്ള പടിഞ്ഞാറൻ കമാൻഡ്.
- ഇന്ത്യയുടെ തീരപ്രദേശങ്ങളുടെ സുരക്ഷയ്ക്കായി ഒരു മാരിടൈം കമാൻഡ്.
ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ജനറൽ എൻ.എസ്. രാജ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതിയുടെ അന്തിമരൂപരേഖ തയ്യാറാക്കുന്നത്. ഇതിലൂടെ സേനകളുടെ സംയോജനം, സ്വയംപര്യാപ്തത, നവീകരണം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ കാര്യങ്ങൾക്കുള്ള സമിതി (CCS) അംഗീകാരം നൽകിയാൽ, അമേരിക്കയും ചൈനയും ഉൾപ്പെടെയുള്ള പ്രമുഖ സൈനിക ശക്തികൾ പിന്തുടരുന്ന മാതൃകയിലേക്ക് ഇന്ത്യയും മാറും. വർഷങ്ങൾ നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം സൈനിക നേതൃത്വം ഒരു സുപ്രധാന തീരുമാനത്തിലേക്ക് അടുക്കുകയാണ്.
Summary: India is nearing the implementation of its long-discussed ‘Theatre Command’ plan to reorganize the Army, Navy, and Air Force into unified joint commands. This restructuring aims to move away from service-specific silos to a more integrated approach, with three primary commands focused on the borders with China and Pakistan, and a maritime command for coastal security, marking a historic shift in India’s military strategy.

