തിരുവനന്തപുരം: കേരളത്തിൽ വരും മണിക്കൂറുകളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്. പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെ കേരളവും തമിഴ്‌നാടും ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലേക്ക് കാലവർഷം അതിവേഗം വ്യാപിക്കുകയാണ് (Kerala Rain Orange Alert). ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ മറ്റ് 10 ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലായി രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴിയാണ് നിലവിലെ കനത്ത മഴയ്ക്ക് പ്രധാന കാരണം.
കാലവർഷത്തിന്റെ വരവോടെ പശ്ചിമഘട്ട മലയോര മേഖലകളിലും തീരദേശങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ അറബിക്കടൽ, ലക്ഷദ്വീപ്, ബംഗാൾ ഉൾക്കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും വരും ദിവസങ്ങളിൽ കാലവർഷം ശക്തമായി വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നത്.
Summary: The India Meteorological Department has announced that the southwest monsoon is expected to hit the Kerala coast within the next few hours. An orange alert has been issued for four districts, including Alappuzha, Kottayam, Ernakulam, and Thrissur, warning of heavy to very heavy rainfall. Residents in landslide-prone and coastal areas have been advised to remain highly vigilant, while a fishing ban has been enforced across the Kerala coast.

