തിരുവനന്തപുരം: പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കടുത്ത കുറവ് നേരിട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (Kerala power shortage kseb) അറിയിച്ചു. നിലവിലെ വിപണി സാഹചര്യങ്ങൾ കാരണം പ്രതിദിന വിഹിതത്തിൽ 300 മുതൽ 400 മെഗാവാട്ട് വരെ വൈദ്യുതിയുടെ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാത്രി 7 മണിക്ക് ശേഷമായിരിക്കും വിവിധ പ്രദേശങ്ങളിൽ ഉപഭോക്താക്കളെ ബാധിക്കാത്ത രീതിയിൽ ഭാഗികമായ നിയന്ത്രണങ്ങൾ ഉണ്ടാവുക.
സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസവും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകിയിരുന്നു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള കടുത്ത ലഭ്യതക്കുറവാണ് പെട്ടെന്നുള്ള ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതിനുപുറമെ, സംസ്ഥാനത്ത് നിലവിൽ മഴ മാറി നിൽക്കുന്നതിനാലും അന്തരീക്ഷ താപനില വലിയ രീതിയിൽ ഉയർന്നതിനാലും വൈകുന്നേരങ്ങളിലെ പീക്ക് അവറുകളിൽ (Peak Hours) ഗാർഹിക വൈദ്യുതി ഉപയോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. സാധാരണ ദിവസങ്ങളേക്കാൾ 400 മെഗാവാട്ടോളം അധികം വൈദ്യുതിയാണ് നിലവിൽ ഈ സമയങ്ങളിൽ ആവശ്യമായി വരുന്നത്.
നിലവിൽ ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ബോർഡ് ഔദ്യോഗികമായി ഈ താൽക്കാലിക നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. എങ്കിലും, വരും ദിവസങ്ങളിലും കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവ് തുടരുകയും ചൂട് ഇതേപടി നിലനിൽക്കുകയും ചെയ്താൽ ലോഡ്ഷെഡ്ഡിംഗിന് സമാനമായ നിയന്ത്രണങ്ങൾ കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടാൻ സാധ്യതയുണ്ടെന്നും കെ.എസ്.ഇ.ബി വൃത്തങ്ങൾ സൂചന നൽകി. പീക്ക് സമയങ്ങളിൽ ഉപഭോക്താക്കൾ അനാവശ്യമായ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ പരമാവധി സഹകരിക്കണമെന്നും ബോർഡ് അഭ്യർത്ഥിച്ചു.
Story Summary: KSEB announced partial power restrictions across Kerala tonight after 7 PM due to a shortage of 300-400 MW from the power exchange market. The crisis is fueled by a lack of available power supply amid surging peak-hour demands caused by rising temperatures and a break in rainfall, with officials warning the restrictions could extend if the supply crunch persists.


