തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എസ്. ശ്രീജിത്തിന് തിരിച്ചടിയായി ഹൈക്കോടതി (ADGP S Sreejith). ഉദ്യോഗസ്ഥന് അനുകൂലമായി സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി തള്ളുകയും പരാതിയിൽ പുതുതായി തീരുമാനമെടുക്കാൻ നിർദേശിക്കുകയും ചെയ്തു.
റിപ്പോർട്ട് സമർപ്പിച്ച ആഭ്യന്തര വകുപ്പിന്റെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ നടപടികളെയും കോടതി രൂക്ഷമായി വിമർശിച്ചു. പരാതിക്കാരനെയും ആരോപണവിധേയനായ ഉദ്യോഗസ്ഥനെയും ഒരുമിച്ച് ഇരുത്തി വിശദീകരണം തേടിയത് ശരിയായ നടപടിക്രമമല്ലെന്ന് ജസ്റ്റിസ് ബദറുദ്ദീൻ നിരീക്ഷിച്ചു.
ആരോപണവിധേയൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായതിനാൽ, പരാതിക്കാരന് സ്വതന്ത്രമായി തന്റെ വാദം അവതരിപ്പിക്കാൻ അത്തരം സാഹചര്യത്തിൽ ബുദ്ധിമുട്ടുണ്ടാകാമെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ അന്വേഷണം കൂടുതൽ നിഷ്പക്ഷമായ രീതിയിൽ നടത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
പരാതിക്കാരനെ വീണ്ടും പ്രത്യേകമായി കേൾക്കുകയും വിജിലൻസ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടും പരിഗണിച്ച ശേഷവും വിഷയത്തിൽ പുതിയ തീരുമാനം സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
എല്ലാ നടപടിക്രമങ്ങളും മൂന്ന് ആഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഹർജി ഓഗസ്റ്റ് 18-ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
Story Summary:
The Kerala High Court has rejected the state government’s report favoring ADGP S. Sreejith in the alleged unauthorized foreign travel case. The court directed authorities to reconsider the complaint after hearing the complainant separately and examining the Vigilance Director’s report.


