കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് നടി അൻസിബ ഹസൻ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനും പൊലീസ് ഉദ്യോഗസ്ഥർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു (Ansiba Hassan Lakshmi Priya). കൊച്ചി സിറ്റി പൊലീസ് കമ്മിഷണറും പാലാരിവട്ടം സ്റ്റേഷൻ ഹൗസ് ഓഫീസറും മറുപടി നൽകണമെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിർദേശിച്ചു.
ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് ഓഗസ്റ്റ് 10-ലേക്ക് മാറ്റി. ലക്ഷ്മിപ്രിയ തന്റെ യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും അസത്യവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി.
വീഡിയോയിൽ താൻ മദ്യപാനിയാണെന്നും രാത്രി വൈകി ഒരാളെ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നുമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ലക്ഷ്മിപ്രിയ ഉന്നയിച്ചതെന്നാണ് ഹർജിയിൽ പറയുന്നത്. ഇത്തരം പരാമർശങ്ങൾ തന്റെ വ്യക്തിപരമായ പ്രതിച്ഛായയെ ഗുരുതരമായി ബാധിച്ചുവെന്നും അൻസിബ ആരോപിക്കുന്നു.
ലക്ഷ്മിപ്രിയ, യൂട്യൂബ് ചാനൽ ഉടമ, ശ്വേത മേനോൻ എന്നിവർ ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയതായും ഹർജിയിൽ ആരോപണമുണ്ട്. ഇതുസംബന്ധിച്ച് ജൂൺ 26-ന് പാലാരിവട്ടം പൊലീസിലും തുടർന്ന് ജൂൺ 29-ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഹർജിയിലെ വാദം.
തുടർന്നാണ് അൻസിബ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ പരാതി സ്വകാര്യ പരാതിയായി പരിഗണിച്ച് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനാണ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്.
ഈ ഉത്തരവ് റദ്ദാക്കണമെന്നും പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Story Summary:
The Kerala High Court has issued notices to the State Government and police authorities on actress Ansiba Hasan’s plea seeking an FIR against actress Lakshmipriya. Ansiba has challenged a magistrate court order that declined to direct police to register a case.


