മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബേർനാഥിൽ ഫ്ലാറ്റിന്റെ 12-ാം നിലയിൽ നിന്ന് വളർത്തുപൂച്ചയെ താഴേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം (Ambernath pet cat death). സംഭവത്തിൽ ഫ്ലാറ്റിലെ താമസക്കാരനായ 60-കാരനെതിരെ ശിവാജിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അംബേർനാഥിലെ റോയൽ ഫ്ലോറ അപ്പാർട്ട്മെന്റിലാണ് സംഭവം. കെട്ടിടത്തിന്റെ 12-ാം നിലയിൽ നിന്ന് പൂച്ചയെ താഴേക്ക് തള്ളിയിട്ടതിനെ തുടർന്ന് മൃഗം സംഭവസ്ഥലത്ത് തന്നെ ചത്തതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൂച്ചയെ താഴേക്ക് തള്ളിയതിന് പിന്നാലെ അത് താഴെ വീണോയെന്ന് പ്രതി പരിശോധിക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിലും സംഭവം വ്യാപക വിമർശനത്തിന് ഇടയാക്കി.
പൂച്ചയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഫ്ലാറ്റിലെ താമസക്കാർ പ്രതിയുടെ ഫ്ലാറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തി. മൃഗത്തോട് ക്രൂരത കാട്ടിയ സംഭവത്തിൽ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നേരത്തെ സംസ്കരിച്ച പൂച്ചയുടെ മൃതദേഹം പൊലീസ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവവുമായി ബന്ധപ്പെട്ട ഫോറൻസിക് തെളിവുകളും ശേഖരിച്ചുവരികയാണ്.
പ്രതിക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന കുടുംബത്തിന്റെ വിശദീകരണം പരാതിക്കാർ തള്ളി. സംഭവം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഇയാൾ ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി, മാനസിക അസ്വാസ്ഥ്യമെന്ന വാദം അംഗീകരിക്കാനാകില്ലെന്നാണ് പരാതിക്കാരുടെ നിലപാട്. പ്രതിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർ ആവർത്തിച്ചു.
Story Summary:
A 60-year-old man has been booked after allegedly throwing a pet cat from the 12th floor of an apartment building in Ambernath, Maharashtra. The incident triggered protests from residents, and police have launched an investigation.


