തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്. പത്തനംതിട്ട തൂമ്പാക്കുളത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ തേക്കുതോട് കൊച്ചുപാലം പൂർണ്ണമായി വെള്ളത്തിനടിയിലായി. ഇതേത്തുടർന്ന് പമ്പ, കക്കട്ടാർ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുകയാണ്.(Kerala Heavy Rain Alert Landslides Reported In Idukki And Pathanamthitta)
ഇടുക്കി ജില്ലയിലാണ് മഴ ദുരന്തം വിതയ്ക്കുന്നത്. വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാൾ അടിയന്തര രക്ഷാപ്രവർത്തനം കാത്ത് കുടുങ്ങിക്കിടക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും സമാനമായ രീതിയിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞ് ഒരാൾ കുടുങ്ങിയതായി വിവരമുണ്ട്. കുടയത്തൂർ അടൂർ മലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ അടൂർമല സ്വദേശിയായ രവിയുടെ വീട് തകരുകയും ഭാര്യ സുമതി മരിക്കുകയും ചെയ്തു.
കൊക്കയാറിൽ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ ഫയർഫോഴ്സും പ്രാദേശിക കൂട്ടായ്മകളും ജനപ്രതിനിധികളും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അതിനിടെ, സംസ്ഥാനത്ത് തീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും (എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്) 5 ജില്ലകളിൽ യെല്ലോ അലർട്ടും (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം) പ്രഖ്യാപിച്ചിട്ടുണ്ട്. നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Story Summary
Heavy rains trigger widespread landslides and flash floods across Kerala, leaving several people trapped under debris in Idukki. Emergency rescue operations are underway while meteorological authorities issue Orange and Yellow alerts across all districts.


